| Tuesday, 23rd November 2021, 9:44 am

അമരത്വം നേടാന്‍ സിദ്ധനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; ഭാര്യ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: അമരത്വം നേടാന്‍ ജീവനോടെ കുഴിച്ചുമൂടിയ സിദ്ധന്‍ മരിച്ച സംഭവത്തില്‍ ഭാര്യ പിടിയില്‍. ചെന്നൈ പെരുമ്പാക്കം കലൈഞ്ജര്‍ കരുണാനിധി നഗര്‍ സ്വദേശി നാഗരാജാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയാണ് കൃത്യം നടത്തിയത്.

ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ലക്ഷ്മി ഇയാളെ കുഴിച്ചുമൂടിയതെന്ന് പൊലീസ് പറഞ്ഞു. നെഞ്ച് വേദന അനുഭവപ്പെട്ടതോടെ താന്‍ മരിക്കാന്‍ പോവുകയാണെന്നും അമരത്വം നേടാന്‍ ജീവനോടെ കുഴിച്ചുമൂടണമെന്നും ഇയാള്‍ ഭാര്യയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഇയാള്‍ ഭാര്യയ്ക്ക് നല്‍കി. ഇതേതുടര്‍ന്നാണ് ജലസംഭരണി നിര്‍മ്മിക്കാനെന്ന പേരില്‍ രണ്ട് തൊഴിലാളികളെ കൊണ്ട് കുഴിയെടുത്തത്. അബോധാവസ്ഥയിലായ നാഗരാജിനെ ലക്ഷ്മി കുഴിയില്‍ കുഴിച്ചിടുകയായിരുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലുള്ളൊരു ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം നാഗരാജ് സ്വയം ആള്‍ദൈവമായി പ്രഖ്യാപിച്ചിരുന്നു. നാഗരാജ് വീട്ടുമുറ്റത്ത് ഒരു ക്ഷേത്രം പണിതിരുന്നു. ഇയാളെ കാണാന്‍ ആളുകളെത്തുകയും പ്രവചനങ്ങള്‍ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ചെന്നൈയില്‍ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകള്‍ തിരിച്ചെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

അച്ഛനെ കാണാതായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മി ഒഴിഞ്ഞുമാറിയതില്‍ സംശയം തോന്നിയ മകള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സത്യം പുറത്തുവന്നത്.

നിലവില്‍ ലക്ഷ്മി പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമേ തുടര്‍നടപടികള്‍ കൈക്കൊള്ളു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: The incident in which Siddha was buried alive to attain immortality; Wife arrested

We use cookies to give you the best possible experience. Learn more