ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കിടെ വെടിയേറ്റ് അഞ്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യു.പി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം.
യുവാക്കളുടെ മരണത്തിന് കാരണക്കാരായ ആളുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് യൂണിയന്‍ അസോസിയേഷന്‍ (എ.ഐ.എ.എസ്.എ) ആണ് ദല്‍ഹിയിലെ യു.പി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതില്‍ ജെ.എന്‍.യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ ദല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ മര്‍ദനത്തിന് വിധേയരാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തതായും എ.ഐ.എ.എസ്.എ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് ധനഞ്ജയ്, എ.ഐ.എസ്.എ ദല്‍ഹി സ്‌റ്റേറ്റ് സെക്രട്ടറിയായ നേഹ എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് എങ്ങോട്ടേക്കാണ് മാറ്റിയതെന്ന് കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇത് പൗരാവകാശങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, മസ്ജിദ് സര്‍വെ കൈകാര്യം ചെയ്ത യു.പി പൊലീസിന്റെ നടപടികളെ ചോദ്യം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എ.ഐ.എസ്.എ പ്രതിഷേധിച്ചത്.
അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി എം.പി സിയാ ഉര്‍ റഹ്‌മാന്‍ ബാര്‍ഖിനെ ഉള്‍പ്പെടെ 25 പേരെ അറസ്റ്റ് ചെയ്ത യു.പി പൊലീസ് ഏഴ് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയ ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്.
പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ ഒരു യുവാവ് ഇന്നലെ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അയാനാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ് ലിം യുവാക്കള്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ വെടിവെപ്പില്‍ സാരമായി പരിക്കേറ്റ യുവാവ് ഇന്നലെ മരണപ്പെടുകയായിരുന്നു.
അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.
മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതിയാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടത്. കോടതിയുടെ ഉത്തരവുണ്ടായതിനെ പിന്നാലെ തന്നെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു.
Content Highlight: The incident in which five people were killed during the Sambhal Masjid survey; JNU students who marched to UP Bhawan brutally beaten up