വാഷിങ്ടണ്‍: റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഡോളറിന്റെ മേധാവിത്തം കുറയാന്‍ കാരണമാകുമെന്ന് ഐ.എം.എഫിന്റെ (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) മുന്നറിയിപ്പ്.
ഐ.എം.എഫിന്റെ ആദ്യത്തെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ഇന്ത്യന്‍ വംശജയുമായ ഗീത ഗോപിനാഥ് ആണ് ഇക്കാര്യത്തില്‍ യു.എസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയത് അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങളില്‍ ഡോളറിനുള്ള ആധിപത്യം പതുക്കെ കുറയാന്‍ കാരണമാകും എന്നാണ് ഗീത ഗോപിനാഥ് പറഞ്ഞത്. ഫിനാന്‍ഷ്യല്‍ ടൈംസിനോടായിരുന്നു പ്രതികരണം.
അമേരിക്കന്‍ ഇക്കോണമിയെയും ഡോളറിന്റെ മേധാവിത്തത്തെയും വലിയ രീതിയില്‍ ബാധിച്ചില്ലെങ്കില്‍ പോലും ഗ്ലോബല്‍ ഇക്കോണമിയും ഇന്റര്‍നാഷണല്‍ മോണിറ്ററി സിസ്റ്റവും ഫ്രാഗ്‌മെന്റഡ് ആവാന്‍ ഉപരോധങ്ങള്‍ കാരണമാകുമെന്നാണ് നിരീക്ഷണം.
ഉക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയും മറ്റ് നാറ്റോ- യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും റഷ്യക്ക് മേല്‍ സാമ്പത്തിക ഉപരോധമടക്കമുള്ളവ ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇത് റഷ്യയെ ബാധിക്കുന്നതിനൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ അമേരിക്കയെയും ബാധിക്കും എന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.
റഷ്യന്‍ ബാങ്കുകള്‍ക്ക് മേലുള്ള ഉപരോധം, അമേരിക്കയിലെ റഷ്യന്‍ സമ്പത്തുകള്‍ മരവിപ്പിച്ചത്, റഷ്യന്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്, റഷ്യയിലേക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്, റഷ്യന്‍ ബിസിനസുകാര്‍ക്ക് അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്നതിനുള്ള തടസം എന്നിവയടക്കമുള്ള നടപടികളിലേക്കായിരുന്നു യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ കടന്നത്.
Content Highlight: The IMF deputy managing director Gita Gopinath warns of the US dollar losing dominance after sanctions on Russia