| Tuesday, 21st December 2021, 12:06 pm

കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല; ഹരജി തള്ളി ഹൈക്കോടതി, ഒരുലക്ഷം പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി. ഹരജിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തിയാണ് കോടതി ഹരജി തള്ളിയത്.

ആറാഴ്ച്ചയ്ക്കകം പിഴ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കാനാണ് നിര്‍ദേശം. ഹരജിക്കാരന്റേത് തീര്‍ത്തും ബാലിശമായ ഹരജിയാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപറമ്പിലാണ് ഹരജി നല്‍കിയിരുന്നത്.

പണം കൊടുത്ത് വാക്‌സിനെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഹരജിക്ക് പിന്നില്‍ പൊതുതാല്‍പര്യമല്ല പ്രശസ്തി താല്‍പര്യമാണെന്ന് കോടതി പറഞ്ഞു. കോടതികളില്‍ മറ്റ് ഗൗരവമുള്ള കേസുകള്‍ കിടക്കുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതില്‍ എന്താണ് പ്രശ്‌നമെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അമേരിക്കയുടെ പ്രധാനമന്ത്രിയല്ല. മോദി അധികാരത്തില്‍ വന്നത് ജനവിധിയിലൂടെയാണ്. കുറുക്കുവഴിയിലൂടെയല്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹവുമൊരു പ്രധാനമന്ത്രിയായിരുന്നു. ആ സ്ഥാപനത്തിന്റെ പേര് മാറ്റാന്‍ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നുമാണ് കോടതി ഹരജിക്കാരനോട് ചോദിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The image of the Prime Minister cannot be removed from the Kovid certificate

We use cookies to give you the best possible experience. Learn more