| Tuesday, 9th April 2024, 12:18 pm

അഡല്‍ട്ട്‌സ് ഓണ്‍ലി ആയ കേരള സ്‌റ്റോറി ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്‍പില്‍; കുറ്റകരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: അഡല്‍ട്ട്‌സ് ഓണ്‍ലി ചിത്രമായ ദി കേരള സ്റ്റോറി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടി നിയമലംഘനം.

അഡല്‍ട്ട്‌സ് ഓണ്‍ലി സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രം പതിനേഴ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വേണ്ടി എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിയമമാണ് രൂപത ലംഘിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചത്. 10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരുന്നു വിശോത്സവത്തിന്റെ ഭാഗമായുള്ള സിനിമാപ്രദര്‍ശനം.

വിഷയം വിവാദമായതിന് പിന്നാലെ പ്രണയ ചതിക്കുഴികളില്‍ നിന്നുള്ള ബോധവത്കരണമാണ് സിനിമാ പ്രദര്‍ശനത്തിലൂടെ ലക്ഷ്യം വെച്ചതെന്ന ന്യായീകരണവുമായി രൂപത രംഗത്തെത്തിയിരുന്നു.

സിനിമയ്ക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി ഉണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ അടക്കം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും മറ്റുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു രൂപതയുടെ നിലപാട്.

ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഘടിതമായ റിക്രൂട്ട്‌മെന്റുകളെ തുറന്നുകാണിക്കുകയാണ് ചിത്രമെന്നും സിനിമ വിശ്വാസ സമൂഹത്തെ കാണിക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് താമരശേരി രൂപത പറഞ്ഞത്.

എന്നാല്‍ അഡല്‍ട്ട്‌സ് ഓണ്‍ലി ആയ ചിത്രം പതിനെട്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചത് നിയമലംഘനമാണെന്ന് വ്യക്തമാണ്.

കേരളത്തിനെതിരായ പ്രൊപ്പഗണ്ട ചിത്രമായ കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് സിനിമയുടെ പ്രദര്‍ശനത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബി.ജെ.പി നീക്കമാണ് ദി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസും കേരള സ്‌റ്റോറിക്കെതിരെ രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ മതം മാറ്റി തീവ്രവാദത്തിനായി ഉപയോഗിച്ചെന്നാണ് സിനിമ പറയുന്നത്.

Content Highlight: The Idukki diocese screened Kerala Story, an adults-only show, in front of minors

Latest Stories

We use cookies to give you the best possible experience. Learn more