| Sunday, 2nd October 2022, 4:29 pm

ലോകകപ്പില്‍ തിളങ്ങാന്‍ പോകുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട്‌ ഐ.സി.സി; പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ടീമുകളെല്ലാം തന്നെ സ്‌ക്വാഡ് പ്രഖ്യാപിച്ച് ലോകകപ്പിനുള്ള പടയൊരുക്കം ഇതിനോടകം  ആരംഭിച്ചിട്ടുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ആണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. മെല്‍ബണും പെര്‍ത്തും സിഡ്‌നിയുമെല്ലാം ആരാധകര്‍ക്ക് ആവേശത്തിന്റെ കവാടം തുറന്നുകൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ ലോകകപ്പ് നിലനിര്‍ത്താന്‍ തന്നെയാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.

എന്നാല്‍ എന്ത് വിലകൊടുത്തും ടി-20 ലോകകപ്പ് സ്വന്തമാക്കണമെന്നും അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി ലോകകപ്പിന് മുമ്പ് തന്നെ മറ്റ് ടീമുകള്‍ക്ക് മേല്‍ അപ്പര്‍ ഹാന്‍ഡ് നേടാനുമാണ് ഇന്ത്യയടക്കമുള്ള ടീമുകള്‍ കച്ചകെട്ടിയിറങ്ങുന്നത്.

ഇതിനിടയിലാണ് വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടിക ഐ.സി.സി പുറത്തുവിട്ടിരിക്കുന്നത്. ഒരു ഓള്‍ റൗണ്ടറും നാല് ബാറ്റര്‍മാരും അടങ്ങുന്ന പട്ടികയില്‍ ഒറ്റ ഇന്ത്യന്‍ താരം മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

നിലവില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററും ടി-20 സ്‌പെഷ്യലിസ്റ്റുമായ സൂര്യകുമാര്‍ യാദവിനെയാണ് ഐ.സി.സി തെരഞ്ഞെടുത്തിരിക്കുന്നത്. താരത്തിന്റെ സമീപകാല പ്രകടനം വിലയിരുത്തിയാണ് ഐ.സി.സി സൂര്യകുമാറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏഷ്യാ കപ്പിലും കഴിഞ്ഞ പരമ്പരകളിലും മികച്ച പ്രകടനമാണ് സ്‌കൈ ഇന്ത്യക്കായി നടത്തുന്നത്. 2022ല്‍ 21 അന്താരാഷ്ട്ര ടി-20 മത്സരം കളിച്ച സൂര്യകുമാര്‍ 732 റണ്‍സാണ് സ്വന്തമാക്കിയത്. 40.66 ആവറേജിലും 180.29 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടുന്നത്.

ശ്രീലങ്കയെ ഏഷ്യാ കപ്പ് ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വാനിന്ദു ഹസരങ്കയാണ് കൂട്ടത്തിലെ ഏക ഓള്‍ റൗണ്ടര്‍. ഏഷ്യാ കപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡിന് പുറമെ ഏഷ്യാ കപ്പ് 2022ന്റെ താരവും ഹസരങ്കയായിരുന്നു.

ഓസീസിന്റെ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് വാര്‍ണറാണ് പട്ടികയിലെ മൂന്നാമന്‍. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ ഐ.സി.സി ടി-20 ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ആ വിജയത്തിന്റെ അമരത്തുണ്ടായിരുന്നത് വാര്‍ണറായിരുന്നു.

കഴിഞ്ഞ ലോകകപ്പിലെ താരം കൂടിയായിരുന്ന വാര്‍ണറിന് ഈ ലോകകപ്പിനും പലതും ചെയ്യാന്‍ സാധിക്കുമെന്നാണ് ആരാധകരും ഇപ്പോള്‍ ഐ.സി.സി തന്നെയും വിശ്വസിക്കുന്നത്.

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഒക്ടോബര്‍ 16നാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളാണ് ആദ്യം നടക്കുന്നത്. ശ്രീലങ്ക – നമീബിയ പോരാട്ടത്തിലൂടെയാണ് ലോകകപ്പിന് തുടക്കമാവുന്നത്.

രണ്ട് ഗ്രൂപ്പിലെ എട്ട് ടീമില്‍ നിന്നും നാല് ടീമാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് യോഗ്യത നേടുക. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ്, സിംബാബ്‌വേ, നെതല്‍ലന്‍ഡ്‌സ്‌, നമീബിയ, യു.എ.ഇ, സ്‌കോട്‌ലാന്‍ഡ് എന്നിവരാണ് സൂപ്പര്‍ 12 ബെര്‍ത്ത് മോഹിച്ചിറങ്ങുന്നത്.

ഒക്ടോബര്‍ 22നാണ് സൂപ്പര്‍ 12ലെ ആദ്യ മത്സരം. ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ മത്സരമാണ് സൂപ്പര്‍ 12ല്‍ ആദ്യം നടക്കുക.

Content highlight: The ICC has announced the names of five cricketers who are likely to shine in the T20 World Cup, including an Indian player

Latest Stories

We use cookies to give you the best possible experience. Learn more