വമ്പന്‍ നാണക്കേടില്‍ നിന്നും ചരിത്രമായി മാറാന്‍ വേണ്ടി വന്നത് വെറും രണ്ട് മണിക്കൂര്‍; വല്ലാത്ത നേട്ടം തന്നെ
Sports News
വമ്പന്‍ നാണക്കേടില്‍ നിന്നും ചരിത്രമായി മാറാന്‍ വേണ്ടി വന്നത് വെറും രണ്ട് മണിക്കൂര്‍; വല്ലാത്ത നേട്ടം തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th August 2024, 12:11 pm

ദി ഹണ്‍ഡ്രഡിന്റെ നാലാം എഡിഷനില്‍ കപ്പുയര്‍ത്തി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓവല്‍ ഇന്‍വിന്‍സിബിള്‍സ്. ലണ്ടനില്‍ നടന്ന മത്സരത്തില്‍ സതേണ്‍ ബ്രേവിനെ പരാജയപ്പെടുത്തിയാണ് ഇന്‍വിന്‍സിബിള്‍സ് കിരീടം നിലനിര്‍ത്തിയത്. ഓവലിന്റെ രണ്ടാം കിരീടമാണിത്.

ഓവല്‍ ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബ്രേവിന് 100 പന്തില്‍ 137 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. ഓപ്പണര്‍ വില്‍ ജാക്‌സ് മികച്ച പ്രകടനം പുറത്തെടുത്തതോടെ ആദ്യ 31 പന്തില്‍ 44 റണ്‍സാണ് ഓവല്‍ നേടിയത്.

11 പന്തില്‍ ഏഴ് റണ്‍സ് നേടിയ ഡേവിഡ് മലന്റെ വിക്കറ്റാണ് ഓവലിന് ആദ്യം നഷ്ടമായത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ലോറി ഇവന്‍സിന് ക്യാച്ച് നല്‍കിയാണ് മലന്‍ പുറത്തായത്.

ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ 22 പന്തില്‍ 37 റണ്‍സ് നേടിയ ജാക്‌സിന്റെ വിക്കറ്റും ഓവലിന് നഷ്ടമായി. ടൈമല്‍ മില്‍സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.

പിന്നാലെയെത്തിയ സാം കറനും ജോര്‍ദന്‍ കോക്‌സും 25 റണ്‍സ് വീതം കൂട്ടിച്ചേര്‍ത്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

അഞ്ചാമനായി നായകന്‍ സാം ബില്ലിങ്‌സാണ് കളത്തിലിറങ്ങിയത്. എന്നാല്‍ സ്‌കോര്‍ ബോര്‍ഡിനെ ഒട്ടും ബുദ്ധിമുട്ടിക്കാതെ ബില്ലിങ്‌സ് വന്നതുപോലെ കടന്നുപോയി. ക്രീസിലെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് ബില്ലിങ്‌സ് പുറത്തായത്. അകീല്‍ ഹൊസൈനാണ് വിക്കറ്റ് നേടിയത്.

പിന്നാലെയെത്തിയവരില്‍ ടോം കറന്‍ (11 പന്തില്‍ 24), ടോം ലാമോണ്‍ബി (ഒമ്പത് പന്തില്‍ 16) എന്നിവര്‍ ചെറുത്തുനിന്നതോടെ 100 പന്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന സ്‌കോറിലേക്ക് ഇന്‍വിന്‍സിബിള്‍സ് എത്തി.

ബ്രേവിനായി ടൈമല്‍ മില്‍സും അകീല്‍ ഹൊസൈനും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍ രണ്ട് വിക്കറ്റും നേടി. ക്രിസ് ജോര്‍ദനാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

148 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബ്രേവിനായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ഡേവിസും ക്യാപ്റ്റന്‍ ജെയിംസ് വിന്‍സും ബ്രേവ് ഇന്നിങ്‌സിന് അടിത്തറയിട്ടത്.

43ാം പന്തില്‍ ടീം സ്‌കോര്‍ 58ല്‍ നില്‍ക്കവെ ഡേവിസിനെ പുറത്താക്കി ആദം സാംപ ഇന്‍വിന്‍സിബിള്‍സിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 23 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്.

അധികം വൈകാതെ ക്യാപ്റ്റനെയും ബ്രേവിന് നഷ്ടമായി. ഇത്തവണ വില്‍ ജാക്‌സാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ രക്ഷകനായത്. 22 പന്തില്‍ 24 റണ്‍സ് നേടിയാണ് വിന്‍സ് പുറത്തായത്.

മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര തകര്‍ന്നതാണ് ബ്രേവിന് തിരിച്ചടിയായത്. 14 പന്തില്‍ 20 റണ്‍സ് നേടിയ ലൂയീസ് ഡി പ്ലൂയിയും 10 പന്തില്‍ 16 റണ്‍സടിച്ച ലോറി ഇവാന്‍സും ചെറുത്തുനിന്നു.

പക്ഷേ ഇതിനോടകം തന്നെ മൊമെന്റം നഷ്ടപ്പെട്ട ബ്രേവിന്റെ സ്‌കോറിങ്ങിന്റെ വേഗതയും കുറഞ്ഞു. ലോവര്‍ ഓര്‍ഡറില്‍ 11 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി ക്രെയ്ഗ് ഓവര്‍ട്ടണ്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനവും ഫലം കണ്ടില്ല.

ഒടുവില്‍ നൂറ് പന്ത് അവസാനിക്കുമ്പോള്‍ വിജയത്തിന് 18 റണ്‍സകലെ സതേണ്‍ ബ്രേവ് പത്തി മടക്കി.

ഇന്‍വിന്‍സിബിള്‍സിനായി സാഖിബ് മഹ്‌മൂദ് മൂന്ന് വിക്കറ്റ് നേടി. ആദം സാംപ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ സോട്ടെറും വില്‍ ജാക്‌സും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ഓവല്‍ നായകന്‍ സാം ബില്ലിങ്‌സ് സ്വന്തമാക്കിയത്. ദി ഹണ്‍ഡ്രഡിന്റെ ചരിത്രത്തില്‍ ഒന്നിലധികം തവണ കിരീടം നേടിയ ആദ്യ നായകന്‍, കിരീടം നിലനിര്‍ത്തിയ ആദ്യ നായകന്‍ എന്നീ നേട്ടങ്ങളാണ് താരം സ്വന്തമാക്കിയത്. ഫൈനലില്‍ ഗോള്‍ഡന്‍ ഡക്കാകേണ്ടി വന്നെങ്കിലും ആ നാണക്കേട് മറക്കുന്നതായി ഈ ഇരട്ട റെക്കോഡുകള്‍ മാറി.

 

Content Highlight: The Hundred: Sam Billings becomes the first captain to win the tournament twice