പത്ത് പന്തില്‍ ജയിക്കാന്‍ പത്ത് റണ്‍സ്, പത്ത് പന്തും ഒറ്റയ്‌ക്കെറിഞ്ഞ് വിജയിപ്പിച്ചു; ഇത് ഇംഗ്ലണ്ടില്‍ മാത്രം നടക്കുന്നത്; വീഡിയോ
Sports News
പത്ത് പന്തില്‍ ജയിക്കാന്‍ പത്ത് റണ്‍സ്, പത്ത് പന്തും ഒറ്റയ്‌ക്കെറിഞ്ഞ് വിജയിപ്പിച്ചു; ഇത് ഇംഗ്ലണ്ടില്‍ മാത്രം നടക്കുന്നത്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st August 2024, 12:05 pm

 

ദി ഹണ്‍ഡ്രഡില്‍ ട്രെറ്റ് റോക്കറ്റ്‌സിനെ പരാജയപ്പെടുത്തി ബെര്‍മിങ്ഹാം ഫീനിക്‌സ്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് ഫീനിക്‌സ് വിജയിച്ചുകയറിയത്. ബെര്‍മിങ്ഹാം ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോക്കറ്റ്‌സിന് 100 പന്തില്‍ 132 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇന്നിങ്‌സിന്റെ 90 പന്ത് പിന്നിടുമ്പോള്‍ 129റണ്‍സിന് ആറ് എന്ന നിലയിലായിരുന്നു റോക്കറ്റ്‌സ്. അവസാന പത്ത് പന്തെറിയാന്‍ ക്യാപ്റ്റന്‍ മോയിന്‍ അലി വിശ്വസ്തനായ ഡാന്‍ മൂസ്‌ലിയെ പന്തേല്‍പിച്ചു.

അഞ്ച് പന്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ദി ഹണ്‍ഡ്രഡിലെ ‘ഒരു ഓവര്‍’. മത്സരത്തില്‍ ഒരു ബൗളര്‍ക്ക് പരമാവധി നാല് ഓവര്‍ അഥവാ 20 പന്ത് മാത്രമാണ് എറിയാന്‍ സാധിക്കുക. ഇതില്‍ ഒരു ബൗളര്‍ക്ക് തുടര്‍ച്ചയായി പത്ത് പന്ത് വരെ എറിയാന്‍ സാധിക്കും. ഈ സാധ്യതയാണ് നായകന്‍ മോയിന്‍ അലിയും മുതലെടുത്തത്.

അവസാന പത്ത് പന്തില്‍ വെറും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂസ്‌ലി റോക്കറ്റ്‌സിനെ വരിഞ്ഞുമുറുക്കിയത്. 3 വിക്കറ്റും ഈ പത്ത് പന്തില്‍ താരം നേടി.

ഇന്നിങ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ റോക്കറ്റ്‌സിന് മത്സരം സമനിലയിലെത്തിക്കാന്‍ സാധിക്കും എന്നിരിക്കെ താരം ആ പന്തും ഡോട്ടാക്കിമാറ്റി ഫീനിക്‌സിന് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഫീനിക്‌സ് 100 പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. ജേകബ് ബേഥലിന്റെയും ലിയാം ലിവിങ്സ്റ്റണിന്റെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് ഫീനിക്‌സ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.

ബേഥല്‍ 29 പന്ത് നേരിട്ട് പുറത്താകാതെ 46 റണ്‍സ് നേടി. മൂന്ന് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 20 പന്തില്‍ 30 റണ്‍സാണ് ലിവിങസ്റ്റണ്‍ നേടിയത്. 21 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

റോക്കറ്റ്‌സിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ലൂയീസ് ഗ്രിഗറി, ജോ റൂട്ട്, ഇമാദ് വസീം, സാം കുക്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

139 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ട്രെന്റ് റോക്കറ്റ്‌സ് അലക്‌സ് ഹേല്‍സിന്റെയും ജോ റൂട്ടിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ വിജയത്തിലേക്ക് നടന്നടുത്തു. ഹേല്‍സ് 30 പന്തില്‍ 38 റണ്‍സും റൂട്ട് 19 പന്തില്‍ 33 റണ്‍സും നേടി പുറത്തായി.

ഇരുവരുടെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ റോക്കറ്റ്‌സ് പരുങ്ങി. 13 പന്തില്‍ 21 റണ്‍സെടുത്ത റോവ്മന്‍ പവല്‍ മാത്രമാണ് ടീമില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. പക്ഷേ വിജയത്തിന് അതൊന്നും മതിയാകുമായിരുന്നില്ല.

ഒടുവില്‍ 100 പന്ത് അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റിന് 132 എന്ന നിലയില്‍ റോക്കറ്റ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഫീനിക്‌സിനായി ഡാന്‍ മൂസ്‌ലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദം മില്‍നെ രണ്ട് താരങ്ങളെ മടക്കിയപ്പോള്‍ ബെന്നി ഹോവെലും ടിം സൗത്തിയും ഓരോ വിക്കറ്റും നേടി.

ഓഗസ്റ്റ് മൂന്നിനാണ് ഇരു ടീമുകളും അടുത്ത മത്സരത്തിനറങ്ങുന്നത്. എഡ്ജ്ബാസ്റ്റണില്‍ ബെര്‍മിങ്ഹാം സതേണ്‍ ബ്രേവിനെ നേരിടുമ്പോള്‍ വെല്‍ഷ് ഫയറാണ് റോക്കറ്റ്‌സിന്റെ എതിരാളികള്‍. ട്രെന്റ് ബ്രിഡ്ജാണ് വേദി.

 

 

Content highlights: The Hundred: Dan Mousley defend ten runs in ten balls against Trent Rockets