| Tuesday, 23rd July 2024, 10:43 am

ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പുറത്ത്; മാഞ്ചസ്റ്ററിന് വമ്പന്‍ തിരിച്ചടി, ഓള്‍ഡ് ട്രാഫോര്‍ഡില്‍ ജോസേട്ടന്റെ പകരക്കാരനാര്?

സ്പോര്‍ട്സ് ഡെസ്‌ക്

ജൂലൈ 23ന് ആരംഭിക്കാനിരിക്കുന്ന ദി ഹണ്‍ഡ്രഡില്‍ സൂപ്പര്‍ ടീം മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിന് തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. കാഫ് ഇന്‍ജുറിക്ക് പിന്നാലെയാണ് താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായിരിക്കുന്നത്.

ഏറ്റവും ചുരുങ്ങിയത് ആറ് ആഴ്ചത്തേക്കെങ്കിലും താരത്തിന് വിശ്രം ആവശ്യമാണെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 23ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം ആഗസ്റ്റ് 18നാണ്. ഈ കാലയളവില്‍ തിരിച്ചുവരവ് സാധ്യമല്ലാത്തതിനാലാണ് ബട്‌ലറിന് ഈ ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടപ്പെടുക.

സെപ്റ്റംബര്‍ 11ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ടി-20 പരമ്പരയില്‍ ബട്‌ലറിന് കളിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, ജൂലൈ 25നാണ് മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വെല്‍ഷ് ഫയറാണ് എതിരാളികള്‍.

ജോസ് ബട്‌ലറിന് പകരക്കാരനെ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് സ്‌ക്വാഡ്

തോമസ് ആസ്പിന്‍വാള്‍, വെയ്ന്‍ മാഡ്‌സണ്‍, മാക്‌സ് ഹോള്‍ഡണ്‍, സിക്കന്ദര്‍ റാസ, പോള്‍ വാള്‍ട്ടര്‍, സ്‌കോട്ട് കറി, ജെയ്മി ഓവര്‍ട്ടണ്‍, മാത്യൂ ഹസ്റ്റ്, ഫില്‍ സോള്‍ട്ട്, സോണി ബേകര്‍, മിച്ചല്‍ സ്റ്റാന്‍ലി, ഒസാമ മിര്‍, ടോം ഹാര്‍ട്‌ലി, ജോഷ് ഹള്‍, ഫസലാഖ് ഫാറൂഖി.

അതേസമയം, കഴിഞ്ഞ സീസണില്‍ കയ്യകലത്ത് നിന്നും കൈവിട്ട കിരീടം തിരിച്ചുപിടിക്കാനാണ് മാഞ്ചസ്റ്റര്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിന് ഓവല്‍ ഇന്‍വിന്‍സിബിള്‍സാണ് മാഞ്ചസ്റ്ററിനെ തകര്‍ത്ത് കപ്പുയര്‍ത്തിയത്.

എട്ട് ടീമുകളാണ് ഇത്തവണയും ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.

ലണ്ടന്‍ സ്പിരിറ്റ്, നോര്‍തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ്, ബെര്‍മിങ്ഹാം ഫീനിക്‌സ്, വെല്‍ഷ് ഫയര്‍, സതേണ്‍ ബ്രേവ്, ഓവല്‍ ഇന്‍വിന്‍സിബിള്‍സ്, ട്രെന്റ് റോക്കറ്റ്‌സ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് എന്നിവരാണ് കിരീടത്തിനായി പോരാടുന്ന ടീമുകള്‍.

കുട്ടിക്രിക്കറ്റായ ടി-20 ഫോര്‍മാറ്റിനെക്കാള്‍ ‘കുട്ടിയാണ്’ ദി ഹണ്‍ഡ്രഡ്. 100 പന്തുകളാണ് ഒരു ഇന്നിങ്‌സില്‍ ഉണ്ടാവുക. അഞ്ച് പന്തുകള്‍ അടങ്ങുന്നതാണ് ഒരു ‘ഓവര്‍’. ക്യാപ്റ്റന്റെ നിര്‍ദേശമുണ്ടെങ്കില്‍ ഒരു ബൗളറിന് തുടര്‍ച്ചയായി പത്ത് പന്ത് വരെ എറിയാന്‍ സാധിക്കും. ടി-20യിലേതെന്ന പോലെ നാല് ‘ഓവര്‍’ അഥവാ 20 പന്തുകളാണ് ഒരു ഇന്നിങ്‌സില്‍ ഒരു ബൗളര്‍ക്ക് എറിയാന്‍ സാധിക്കുക.

Content highlight: The Hundred 2024: Jos Buttler ruled out

We use cookies to give you the best possible experience. Learn more