10.54 കോടി രൂപ എവിടെ?; 'മിഠായിപദ്ധതി' വിവാദത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Kerala News
10.54 കോടി രൂപ എവിടെ?; 'മിഠായിപദ്ധതി' വിവാദത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th February 2024, 4:20 pm

കോഴിക്കോട്: ജുവനൈല്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന ‘മിഠായിപദ്ധതി’ വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍.

പദ്ധതിക്കായി അനുവദിച്ച 10.54 കോടി രൂപ അധികൃതര്‍ ചെലവഴിച്ചില്ലെന്ന പരാതിയിലാണ് കമ്മീഷന്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പരാതിയില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പരിശോധന നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്‍സുലിന്‍ പമ്പ്, സി.ജി.എം പോലുള്ള ചികിത്സാ ഉപകരണങ്ങള്‍ ലഭിക്കാതെ നിരവധി കുട്ടികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അനുവദിക്കപ്പെട്ട തുക കൃത്യമായി ഉപയോഗിക്കാതെ അധികൃതര്‍ അനാസ്ഥ കാണിക്കുന്നത്.

ടൈപ്പ് 1 പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പെരുമ്പാവൂരിനടുത്തുള്ള കുഞ്ഞ് ഫാത്തിമയുടെ കഥ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ അടുത്തെത്തിയതോടെയാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്‍സുലിന്‍ പെന്‍, കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കികൊണ്ട് ആധുനിക ചികിത്സാ ഉറപ്പുവരുത്തുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

Content Highlight: The Human Rights Commission filed a voluntary case in the Mittayi scheme controversy