| Thursday, 21st December 2023, 5:18 pm

ശത്രുക്കളെ നേരിടാന്‍ ഞങ്ങള്‍ സജ്ജരാണ്; യെമനിനെതിരെ യു.എസ് ആക്രമണം നടത്തിയാല്‍ പ്രതികരണം ഭീകരമായിരിക്കുമെന്ന് ഹൂത്തികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: അമേരിക്ക തുലയട്ടെ എന്ന മുദ്രാവാക്യം തങ്ങള്‍ വെറുതെ വിളിക്കുന്നതല്ലെന്നും തല ഉയര്‍ത്തിപ്പിടിച്ച് കാര്യം മനസിലാക്കി തന്നെ വിളിക്കുന്നതാണെന്ന് യെമനിലെ ഹൂത്തി വിമതരുടെ വക്താവ് യഹ്‌യാ സരീഅ്. ഇസ്രഈലിനെ നേരിടുന്നതില്‍ ലെബനനിലും ഫലസ്തീനിലുമുള്ള സഹോദരങ്ങള്‍ക്ക് ഒപ്പമാണെന്നും അതിനു കാരണം അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ ശത്രു ആയതിനാലുമാണെന്നും യഹ്‌യാ സരീഅ് പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന ആക്രമണം നിര്‍ത്തുന്നത് വരെ അമേരിക്കന്‍ – ഇസ്രഈല്‍ സഖ്യത്തിനെതിരെയുള്ള തങ്ങളുടെ നീക്കങ്ങള്‍ തുടരുമെന്ന് ഹൂത്തി വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി യെമന്‍ നേരിട്ട ആക്രമണങ്ങള്‍ തന്നെയാണ് ഗസയിലെ ഫലസ്തീനികള്‍ നിലവില്‍ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യെമനയിലെ ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, വാസസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം തങ്ങള്‍ ബോംബാക്രമണങ്ങള്‍ നേരിട്ടു. ഇരുരാജ്യങ്ങളിലെയും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണെന്ന് യഹ്‌യാ സരീഅ് ഉന്നയിച്ചു. രണ്ടിടങ്ങളിലെയും ക്രൂരതകള്‍ ഒരേ അക്രമകാരിയുടേതാണെന്നും യെമനികള്‍ക്ക് നേരിടേണ്ടി വന്ന അതേ അമേരിക്കന്‍ ബോംബുകളാണ് ഫലസ്തീനികളുടെ മേല്‍ ഇന്ന് പതിക്കുന്നതെന്നും യഹ്‌യാ സരീഅ് പറഞ്ഞു.

‘ഫലസ്തീനിലെയും യെമനിലെയും ആക്രമണങ്ങള്‍ ഒന്നാണ്. ആക്രമിക്കുന്നവര്‍ ഒന്നാണ്. രണ്ടിന്റെയും നേതൃത്വവും ഒന്നുതന്നെ. അമേരിക്കയാണ് യെമനിലെയും ഗസയിലെയും അതിക്രമങ്ങളെ നയിക്കുന്നത്,’ യഹ്‌യാ സരീഅ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍. ഫലസ്തീനും തങ്ങളുടെ മാതൃരാജ്യത്തിനുമെതിരെ അക്രമണം അഴിച്ച് വിടുന്ന സയണിസ്റ്റ് ശത്രുവിനെതിരായ പോരാട്ടത്തില്‍ അഭിമാനമുണ്ടെന്നും സരീഅ് കൂട്ടിച്ചേര്‍ത്തു.

പലരും ഇസ്രഈലിനെ ആക്രമിക്കാന്‍ ഹൂത്തികളോട് ആവശ്യപ്പെട്ടുവെന്നും അവരുടെ ഒരു കപ്പലെങ്കിലും പിടിച്ചെടുക്കാന്‍ വെല്ലുവിളിച്ചുവെന്നും പറഞ്ഞിരുന്നതായി യഹ്‌യാ സരീഅ് പറഞ്ഞു. എന്നാല്‍ ഹൂത്തികളുടെ മുന്നിലേക്ക് വന്ന വെല്ലുവിളികള്‍ ധൈര്യപൂര്‍വം ഏറ്റെടുത്തുകൊണ്ട് ഇസ്രഈലിനെ ആക്രമിക്കുകയും, ഇസ്രഈലിന്റെ ഒരു കപ്പല്‍ പിടിച്ചെടുത്ത് യെമനയിലെ തുറമുഖമായ ഹുദൈദയിലേക്ക് കൊണ്ടുവന്നുവെന്നും യഹ്‌യാ സരീഅ് ചൂണ്ടിക്കാട്ടി.

യെമനിലെ പോരാട്ടത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ശത്രുക്കളെ നേരിടാന്‍ ദൈവത്തിന്റെ സഹായത്താല്‍ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നും ഹൂത്തികള്‍ സജ്ജരായി തന്നെ ഹാജരാണെന്നും യഹ്‌യാ സരീഅ് മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഒമ്പത് വര്‍ഷം യെമനിനെതിരായി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും പൂതിയുണ്ടെങ്കില്‍ ഇനിയും തങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.

യെമനനിന് നേരെ യു.എസ് ആക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്ക ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ മണ്ടത്തരമാവുമതെന്നും രാജ്യത്തെ ജനങ്ങളില്‍ നിന്നും സൈന്യത്തില്‍ നിന്നുമുണ്ടാവാന്‍ പോവുന്ന പ്രതികരണം ഭീകരമായിരിക്കുമെന്നും യഹ്‌യാ സരീഅ് വ്യക്തമാക്കി.

Content Highlight: The Houthis say that if the US attacks Yemen, the response will be terrible

Latest Stories

We use cookies to give you the best possible experience. Learn more