ആളില്ലാത്തപ്പോള്‍ വീട് പൊളിച്ചുമാറ്റി,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ട്വന്റി 20ക്കെതിരെ വൃദ്ധയുടെ ഒറ്റയാള്‍ സമരം; ഇടപ്പെട്ട് പി.വി. ശ്രീനിജന്‍ എം.എല്‍.എ.
എറണാകുളം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കാരുകുളം വാര്‍ഡില്‍ ഒറ്റയ്ക്ക് സമരം നടത്തിയ വൃദ്ധയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. തന്റെ വീട് പൊളിച്ചുമാറ്റിയ കിഴക്കമ്പലം പഞ്ചായത്ത് അധികൃതര്‍ക്കെതിരെയാണ് 77 വയസുകാരിയായ ഏലിയാമ്മ ഒറ്റയ്ക്ക് സമരം നടത്തിയത്.
വൃദ്ധ സമരം ചെയ്യുന്നതറിഞ്ഞ കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ പ്രദേശത്ത് എത്തുകയും വൃദ്ധയുമായി സംസാരിക്കുകയും ചെയ്തു.
വൃദ്ധയുടെ പരാതിയില്‍ തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തെന്നും താല്‍കാലികമായി ഏലിയാമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.
പൊതുപ്രവര്‍ത്തകരുടെ സഹകരണത്തോടെ പുതിയ വീട് വച്ച് കൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
4 വര്‍ഷം മുന്‍പ് കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20 പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റും മെമ്പറും ഉള്‍പ്പെടെയുള്ളവര്‍ റോഡിന് വീതി കൂട്ടുന്നതിനുവേണ്ടി സ്ഥലം ചോദിക്കുകയും വീട്ടില്‍ ആളില്ലാത്തപ്പോള്‍ വീട് പൊളിച്ചു കളയുകയും ചെയ്‌തെന്നാണ് വൃദ്ധയുടെ പരാതിയില്‍ പറയുന്നത്.
പിന്നീട് പുതിയ വീട് പണിതു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും വീട് നിര്‍മ്മിച്ച് നല്‍കാതിരിക്കുകയും വീടിനായി സമീപിച്ചപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എം.എല്‍.എ പറഞ്ഞു.
പി.വി. ശ്രീനിജന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
കിഴക്കമ്പലം പഞ്ചായത്തില്‍ കാരുകുളം വാര്‍ഡില്‍ താമസിക്കുന്ന 77 വയസ്സുള്ള ഏലിയാമ്മ എന്ന അമ്മ രാവിലെ മുതല്‍ ഒരു പറമ്പിലിരുന്ന് ഒറ്റയാള്‍ സമരം ചെയ്യുന്നു എന്ന് കേട്ടിട്ടാണ് ഞാന്‍ അവിടെ ചെന്നത്.
അമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അവര്‍ പറഞ്ഞതനുസരിച്ച്, 4 വര്‍ഷം മുന്‍പ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന പ്രാദേശിക പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റും മെമ്പറും ഉള്‍പ്പെടെയുള്ളവര്‍ റോഡിന് വീതി കൂട്ടുന്നതിനുവേണ്ടി സ്ഥലം ചോദിക്കുകയും വീട്ടില്‍ ആളില്ലാത്തപ്പോള്‍ വീട് പൊളിച്ചു കളയുകയും ചെയ്തു.
പിന്നീട് പുതിയ വീട് പണിതു നല്‍കാമെന്ന് വാഗ്ദാനം നല്‍കി എങ്കിലും നാളിതുവരെ അവര്‍ അത് നിര്‍മിച്ചു നല്‍കിയില്ല. പല സ്ഥലങ്ങളിലായി താമസിച്ചുപോന്നിരുന്ന ഈ അമ്മ വീടിനായി സമീപിച്ചപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഈ സാഹചര്യത്തില്‍ ആണ് രാവിലെ മുതല്‍ സ്വന്തം പറമ്പില്‍ സമരം തുടങ്ങിയത്. തടിയിട്ടപറമ്പ് പൊലീസ് സ്ഥലത്തെത്തി അമ്മയുടെ പരാതിയിന്മേല്‍ കേസെടുത്തു. താല്‍കാലികമായി അമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. സ്ഥലത്തെ പൊതുപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഈ അമ്മക്ക് പുതിയ വീട് വച്ച് കൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണ്.