| Friday, 23rd August 2024, 5:53 pm

പ്രവാചക നിന്ദ ചോദ്യം ചെയ്ത മുസ്‌ലിം നേതാവിന്റെ വീട് ബുള്‍ഡോസ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പ്പൂരില്‍ പ്രവാചകനേയും ഇസ്‌ലാമിനേയും അധിക്ഷേപിച്ച മത നേതാവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട പ്രാദേശിക നേതാവിന്റെ വീട് ബുള്‍ഡോസ് ചെയ്ത് ജില്ലാ ഭരണകൂടം. ഛത്തര്‍പ്പൂരിലെ ഷഹസാദ് അലി എന്ന വ്യക്തിയുടെ പത്ത് കോടി വിലമതിക്കുന്ന വീടാണ് അനധികൃതമായി നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പൊളിച്ചു മാറ്റിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് റാംഗിരി മഹാരാജ് എന്ന മതനേതാവ് പ്രവാചകനെയും ഇസ്‌ലാം മതത്തെയും അധിക്ഷേപിച്ചുവെന്ന ആരോപണം ഉയരുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലത്തെ പ്രാദേശിക നേതാവായ ഷഹസാദ് അലിയുടെ നേതൃത്വത്തില്‍ സമീപത്തെ കോട്ട്‌വാലി പൊലീസ് സ്റ്റേഷനിലേക്ക് അഞ്ഞൂറോളം പേര്‍ അടങ്ങുന്ന സംഘം മാര്‍ച്ച് നടത്തി.

ഈ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ സ്റ്റേഷനിലെ 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയും പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

‘ഞങ്ങള്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ കസ്റ്റഡിയിലും ഉണ്ട്. വരും ദിവസങ്ങളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടും. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഭവം കൂടുതല്‍ വഷളായത്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചു. ആക്രമത്തിന്റെ കാരണം വ്യക്തമല്ല.

പെലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ നിരവധി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമുണ്ടായിരുന്നു. അവര്‍ ഇരുമ്പ് വടികളും വാളുകളും ഉപയോഗിച്ചാണ് സ്റ്റേഷന്‍ പരിസരത്തേക്ക് പ്രവേശിച്ചത്,’ കോട്ടവാലി പൊലീസ് സ്റ്റേഷന്‍ എസ്.ഐ രാഹുല്‍ തിവാരി പ്രതികരിച്ചു.

അക്രമ സംഭവത്തില്‍ പൊലീസ് നൂറോളം പ്രദേശങ്ങള്‍ റെയ്ഡ് ചെയ്യുകയും 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകടനത്തിന് നേതൃത്വം കൊടുത്ത ഷഹസാദ് അലിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ അപലപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹല്‍ യാദവ് രംഗത്തെത്തി. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും പറഞ്ഞു.

‘മധ്യപ്രദേശ് സമാധാനം നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ്, അതിനാല്‍ ഇത്തരത്തില്‍ നിയമം കൈയിലെടുക്കുന്ന പ്രവൃത്തികള്‍ ഒരിക്കലും അഗീകരിക്കില്ല. സംസ്ഥാനത്ത് സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്,’ മോഹന്‍ യാദവ് എക്‌സില്‍ കുറിച്ചു.

എന്നാല്‍ ഷഹസാദ് അലിക്ക് പുറമെ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കെതിരേയും കോട്ടവാലി പൊലീസ് കൊലപാതക ശ്രമം, കലാപം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

Content Highlight: The house of a Muslim local leader who questioned the blasphemy of the Prophet was bulldozed

We use cookies to give you the best possible experience. Learn more