| Saturday, 26th November 2022, 1:37 am

ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ആതിഥേയര്‍; ഗ്രൂപ്പ് എയിലെ ബാക്കി മൂന്ന് പേര്‍ക്കും അവസാന കളി നിര്‍ണായകം; കണക്കുകള്‍ ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

2022 ലോകകപ്പില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ആതിഥേയരായ ഖത്തര്‍. ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡ്സും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ഖത്തറിന്റെ വഴിയടഞ്ഞത്.

ഇതോടെ 92 വര്‍ഷത്തെ ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നേരത്തേ പുറത്താകുന്ന ആതിഥേയരായി ഖത്തര്‍ മാറി. നേരത്തെ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്ന പ്രഥമ ആതിഥേയരെന്ന
മോശം റെക്കോര്‍ഡും ഖത്തര്‍ തങ്ങളുടെ പേരിലാക്കിയിരുന്നു.

കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഖത്തര്‍ ഗ്രൂപ്പില്‍ എയില്‍ ഏറ്റവും പിന്നിലാണ്. ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോടും വെള്ളിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ സെനഗലിനോട് ഖത്തര്‍ കീഴടങ്ങിയിരുന്നു. ഇക്വഡോറിനോടിനോട് 2-0ത്തിനായിരുന്നു ഖത്തറിന്റെ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സെനഗല്‍ ഖത്തറിനെ പരാജയപ്പെടുത്തിത്.

ഓരോ വിജയവും ഓരോ സമനിലയുമടക്കം നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

നെതര്‍ലന്‍ഡ്സും ഇക്വഡോറും ആദ്യ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയിച്ചാണ് തുടങ്ങിയത്. നെതര്‍ലന്‍ഡ്സ് സെനഗലിനേയും ഇക്വഡോര്‍ ഖത്തറിനേയുമാണ് പരാജയപ്പെടുത്തിയത്.

ഒരു വിജയവും ഒരു പരാജയവുമായി ആഫ്രിക്കന്‍ കരുത്തരായ സെനഗല്‍ മൂന്നാം സ്ഥാനത്തുണ്ട്. ആദ്യ മത്സരത്തിലെ നെതര്‍ലന്‍ഡ്സിനോടേറ്റ പരാജയത്തിന് ശേഷം രണ്ടാം മത്സരത്തില്‍ ഖത്തറിനെ പരാജപ്പെടുത്താന്‍ സെനഗലിനായിരുന്നു.

ഇക്വഡോറിനോടാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സെനഗലിന്റെ അവസാന മത്സരം. നവംബര്‍ 29ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.

അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ 29ന് നെതര്‍ലന്‍ഡ്സിനെതിരെ ഖത്തര്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കും.

ഗ്രൂപ്പില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തുള്ള ടീമുകള്‍ക്ക് തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാനാകും.

CONTENT HIGHLIGHT: The hosts Qatar became the first team to be eliminated from the World Cup, The final game is crucial for the remaining three in Group A

We use cookies to give you the best possible experience. Learn more