| Sunday, 3rd November 2024, 1:21 pm

ബന്ദികളെ ഒറ്റയടിക്ക് മോചിപ്പിക്കണം; ഇസ്രഈലില്‍ പ്രതിഷേധവുമായി തടവിലാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ 101 പേരെ ഒരുമിച്ച് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇസ്രഈലില്‍ ബന്ധുക്കള്‍ പ്രതിഷേധത്തില്‍. ബന്ദി മോചനത്തിനുള്ള കരാറില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ (ശനിയാഴ്ച്ച) ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നിലാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്.

ഒക്ടോബര്‍ ഏഴിനാണ് ഹമാസ് 251 ആളുകളെ തടവിലാക്കിയത്. ഇതിനെത്തുടര്‍ന്ന് എല്ലാ ശനിയാഴ്ച്ചകളിലെ വൈകുന്നേരങ്ങളിലും ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രഈലിലുടനീളം പ്രതിഷേധക്കാര്‍ ഒത്തുകൂടാറുണ്ടായിരുന്നു.

ഈജിപ്തിന്റെയും അമേരിക്കയുടേയും മധ്യസ്ഥതയില്‍ ബന്ദി മോചനത്തിനായും യുദ്ധം അവസാനിപ്പിക്കുന്നതിനായുമുള്ള നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തെ വെടിനിര്‍ത്തലിനിടെ നാല് ബന്ദികളെ മോചിപ്പിക്കാനുള്ള നിര്‍ദേശമാണ് ഇസ്രഈല്‍ മുന്നോട്ട് വെച്ചത്.

എല്ലാ ബന്ദികളെ മോചിപ്പിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു നിര്‍ദേശവും ഖത്തറും അമേരിക്കയും സംയുക്തമായി മുന്നോട്ട് വെച്ചെങ്കിലും ഹമാസ് ഇത് നിരസിക്കുകയായിരുന്നു. ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങി യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാലെ കരാര്‍ അംഗീകരിക്കുകയുള്ളൂ എന്നാണ് ഹമാസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ബന്ദിമോചനം സാധ്യമായാലും രാഷ്ട്രീയ കാരണങ്ങളാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സമ്പൂര്‍ണ വിജയം സാധ്യമാകുന്നത് വരെ ഇസ്രഈല്‍ സൈന്യം ഗസയില്‍ തുടരുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

അതേസമയം ഗസയില്‍ ഇസ്രഈല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 ലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതോടെ 2023 മുതലുള്ള ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43,314 ആയി ഉയര്‍ന്നു. 102,019 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: The hostages must be released at once; Family members of those imprisoned for protesting in Israel

Latest Stories

We use cookies to give you the best possible experience. Learn more