ന്യൂദൽഹി: ഏഴ് നവജാത ശിശുക്കൾ തീപിടിത്തത്തിൽ മരണപ്പെട്ട വിവേക് വിഹാറിലെ ആശുപത്രി ഉടമ നവീൻ ഖിച്ചി ലൈസൻസ് ഇല്ലാതെ മൂന്ന് ആശുപത്രികൾ നടത്തിയിരുന്നതായി റിപ്പോർട്ട്.
വിവേക് വിഹാറിലെ ബ്ലോക്ക് സി , ബ്ലോക്ക് ബി, പശ്ചിമപുരിയിൽ എന്നിവിടങ്ങളിലാണ് നവീൻ ഖിച്ചി ലൈസൻസ് ഇല്ലാതെ ആശുപത്രികൾ നടത്തിയിരുന്നത്.
നിലവിൽ അപകടം നടന്ന ബ്ലോക്ക് സിയുടെ അകലെയല്ലാതെ പ്രവർത്തിച്ചിരുന്ന ബ്ലോക്ക് സി നിയമവിരുദ്ധമായി തുടങ്ങിയ ആശുപത്രിയാണെന്ന് ചൂണ്ടിക്കാണിച്ച് 2018 ൽ ഹെൽത്ത് റെഗുലേറ്റർ ഉദ്യോഗസ്ഥൻ നവീൻ ഖിച്ചക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. തുടന്ന് 2019 ൽ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് കോടതി ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയെങ്കിലും നവീൻ ഖിച്ചി ആശുപത്രി പശ്ചിമ പുരിയിലേക്ക് മാറ്റി പ്രവർത്തനം തുടരുകയായിരുന്നു.
തിങ്കളാഴ്ച നടത്തിയ അന്വേഷണങ്ങളിലാണ് നവീൻ ഖിച്ചിയുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നത്. നവജാത ശിശുക്കളുടെ ആശുപത്രികൾ ഒന്നും തന്നെ നിലവാരമില്ലാത്തതായിരുന്നെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ആശുപത്രികളിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.
ശനിയാഴ്ച കത്തിനശിച്ച ആശുപത്രിക്ക് ലൈസൻസ് ഇല്ലായിരുന്നെന്നും അനുവദിനീയമായതിനേക്കാൾ കൂടുതൽ അളവ് ഓക്സിജൻ സിലണ്ടറുകൾ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നെന്നും ഒപ്പം നവജാത ശിശു സംരക്ഷണ വിഭാഗത്തിലെ ഡോക്ടർമാർക്ക് വേണ്ടത്ര യോഗ്യതകളില്ലെന്നും അന്വേഷണ വൃന്ദം ചൂണ്ടിക്കാണിച്ചു.
ആശുപത്രി കെട്ടിടത്തിന് എമർജൻസി എക്സിറ്റുകളോ അഗ്നിശമന ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ദൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആശുപത്രി നടത്തിയ നിയമലംഘനങ്ങൾ അംഗീകരിച്ചു. നഗരത്തിലുള്ള മെഡിക്കൽ ഓഫീസർമാർക്ക് അവരുടെ അധികാര പരിധിയിലുള്ള ആശുപത്രികൾ പരിശോധിക്കാനും വിവേക് വിഹാറിൽ നടന്ന അപകടം ആവർത്തിക്കാതിരിക്കാനായി കർശന നടപടികൾ എടുക്കണമെന്നും നിർദേശം നൽകിയുടെതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ഖിച്ചി വർഷങ്ങളായി നിയമലംഘനങ്ങൾ നടത്തിയതായി പൊലീസ് അറിയിച്ചു.
‘വിവേക് വിഹാറിലെയും പശ്ചിമ പുരിയിലെയും ആശുപത്രികൾ കൂടാതെ ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഖിച്ചി ആശുപത്രികൾ നടത്തിയിരുന്നു. എന്നാൽ സാമ്പത്തിക നഷ്ടങ്ങളെ തുടർന്ന് ഇവ നടക്കുകയായിരുന്നു,’ ദൽഹി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
2018 ൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി. എച്ച്. എസ്) നഴ്സിങ് ഹോം നടത്തിയ അന്വേഷണത്തിൽ ഖിച്ചിയുടെ പശ്ചിമ പുരിയിലെ ആശുപത്രിക്ക് ദൽഹി ആരോഗ്യ വകുപ്പ് രജിസ്‌ട്രേഷൻ നൽകിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നഴ്സിങ് ഹോം ആക്ട് പ്രകാരം കേസ് എടുത്തിരുന്നെങ്കിലും ആശുപത്രി പ്രവർത്തനം തുടരുകയായിരുന്നു.
എന്നാൽ ഡി.ജി.എച്ച്.എസ് തന്റെ ജാതി കാരണം തന്നെ ലക്ഷ്യമിടുകയാണെന്ന് ഖിച്ചി ആരോപിച്ചു. പക്ഷെ കോടതി ഈ ആരോപണം തള്ളിക്കളഞ്ഞു.
തീപിടിത്തം ഉണ്ടാകുമ്പോൾ ആശുപത്രിയിൽ പതിനഞ്ചോളം ജീവനക്കാരുണ്ടായിരുന്നെന്നും എന്നാൽ എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് ഖിച്ചിക്ക് മാത്രമേ അറിയൂ എന്നും പൊലീസ് പറഞ്ഞു.
ആശുപത്രിയിലെ എല്ലാ ജീവനക്കാരുടെയും യോഗ്യത പരിശോധിക്കുമെന്നും നിലവിൽ പരിക്ക് പറ്റിയ അഞ്ച് നവജാത ശിശുക്കളെ ഈസ്റ്റ് ദൽഹി അഡ്വാൻസ്ഡ് എൻ.ഐ.സി.യു ആശുപത്രിയിൽ നിന്ന് ചാച്ചാ നെഹ്‌റു ബാല ചികിത്സാലയത്തിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
Content Highlight: The hospital owner of Vivek Vihar ran three hospitals without licence