ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന്റെ നിര്‍മ്മാണ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയന്‍ സെല്‍വന്റെ ചിത്രീകരണത്തിന് എത്തിച്ച കുതിര ചത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 11 ന് ഫിലിം സ്റ്റുഡിയോയ്ക്ക് സമീപം ഒരു സ്വകാര്യ ഭൂമിയില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു കുതിര ചത്തുവെന്ന് കാണിച്ച് പെറ്റ ഇന്ത്യയുടെ ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.
മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ (പി.സി.എ) നിയമവും ഐ.പി.സി വകുപ്പുകളും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കുതിരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരാതി പ്രകാരം, ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്തെന്നുമാണ് പരാതിയില്‍ ഉള്ളത്. ഇതാണ് കുതിരയുടെ മരണത്തിന് കാരണമെന്നും പരാതിയില്‍ ആരോപിക്കുന്നു.
കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി (സി.ജി.ഐ ) യുഗത്തില്‍, ക്ഷീണിതരായ കുതിരകളെ സിനിമയിലെ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ നിര്‍ബന്ധിക്കുകയാണെന്ന് പെറ്റ ഇന്ത്യ ചീഫ് അഡ്വക്കസി ഓഫീസര്‍ ഖുശ്ബു ഗുപ്ത പറഞ്ഞു.
‘അനുകമ്പയും ദീര്‍ഘവീഷണവുമുള്ള ചലച്ചിത്ര നിര്‍മ്മാതാക്കള്‍ ഒരിക്കലും മൃഗങ്ങളെ ഒരു കുഴപ്പമുള്ള മൂവി സെറ്റിലേക്ക് വലിച്ചിഴച്ച് ‘അഭിനയിക്കാന്‍’ പ്രേരിപ്പിക്കുമെന്ന് തോന്നുന്നില്ല. ക്രൂരത കുറയ്ക്കാനും ആധുനികവും മാനുഷികവുമായ സി.ജി.ഐയിലേക്കും സാങ്കേതിക വിദ്യകളിലേക്ക് മാറാനും പെറ്റ ഇന്ത്യ മണിരത്നത്തോട് ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
കല്‍കി കൃഷ്ണമൂര്‍ത്തിയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, ശരജ് കുമാര്‍, ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്മി, തൃഷ, കാര്‍ത്തി, ജയം രവി, ശോഭിത ധുലിപാല, പ്രഭു, അശ്വിന്‍ കാകുമാമ തുടങ്ങി വിവിധ ഭാഷകളിലെ വന്‍ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.
സിനിമക്കായി വമ്പന്‍ സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്മാനാണ്. രവി വര്‍മനാണ് ക്യാമറ ചെയ്യുന്നത്.
ചിത്രത്തില്‍ ആഴ്വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രമാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്.