| Wednesday, 5th January 2022, 8:22 am

ആഭ്യന്തരവകുപ്പ് മന്ത്രിയെ മാറ്റണം, വകുപ്പിന് മാത്രമായൊരു മന്ത്രി വേണം; സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുമളി: ആഭ്യന്തരവകുപ്പിന് മാത്രമായൊരു മന്ത്രി വേണമെന്ന ആവശ്യം സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഭ്യന്തരവകുപ്പ് വന്‍ പരാജയമായി മാറിയെന്നതരത്തില്‍ സമ്മേളനത്തില്‍ ആരോപണമുയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പൊലീസില്‍ അഴിച്ചുപണി നടത്തണമെന്നും പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതായും സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.

ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായും നാട് നന്നാകണമെന്ന ആഗ്രഹമില്ലെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പൊലീസില്‍ സര്‍ക്കാറിനെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം ആളുകളെ കണ്ടെത്താന്‍ ശ്രമം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസ് അസോസിയേഷന് വേണ്ടത്ര ശുഷ്‌കാന്തിയില്ല. ഒറ്റുകാരേയും സര്‍ക്കാറിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരേയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പൊലീസ് സംഘടനാ സംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ട്രെയിനില്‍ കൃത്യമായ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐയെ സസ്പെന്റ് ചെയ്തിരുന്നു.

മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരനെയാണ് കണ്ണൂരില്‍ നിന്ന് എ.എസ്.ഐ ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്.

നൂറനാടില്‍ സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കിയ സംഭവവും വിവാദത്തിന് വഴിയൊരുക്കിയിരുന്നു. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

പൊലീസിനെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസുകാര്‍ പറഞ്ഞകാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹോദരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു പൊലീസുകാരനെ മദ്യപിച്ച് വഹാനമിടിച്ചിട്ട സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ എ.എസ്.ഐയും സംഘവുമാണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചശേഷം പൊലീസുകാര്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The Home Minister should be replaced by a Minister for the Department only; CPIM Idukki district conference

We use cookies to give you the best possible experience. Learn more