പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി അട്ടിമറിച്ച് നരേന്ദ്ര മോദി ആരംഭിച്ച പി.എം കെയര്‍ വിവാദമാകുമ്പോള്‍ നമ്മള്‍ അറിയേണ്ട, ജവഹര്‍ ലാല്‍ നെഹ്‌റു ആരംഭിച്ച പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ചരിത്രം ഇതാണ്
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന ലേബലില്‍ സ്വതന്ത്ര ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അക്കൗണ്ടിലേക്ക് ചെറുതും വലുതുമായ നിരവധി തുക സംഭാവന ലഭിക്കാന്‍ തുടങ്ങിയതില്‍ നിന്നാണ് ഒരു ദേശീയ ദുരിതാശ്വാസ നിധി എന്ന ആശയം പിറക്കുന്നത്. വ്യക്തിപരമായി നെഹ്‌റുവിന്റെ മേല്‍വിലാസത്തിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക മേല്‍വിലാസത്തിലും അദ്ദേഹത്തിന് നിരവധി തുക സംഭാവന ലഭിക്കാന്‍ തുടങ്ങി. നെഹ്‌റു ഇതെല്ലാം ഒരു സ്‌പെഷ്യല്‍ അക്കൗണ്ടിലേക്ക് മാറ്റി. ഇത് എങ്ങിനെ ഉപയോഗിക്കണമെന്നതില്‍ അദ്ദേഹത്തിന് വ്യക്തതയില്ലായിരുന്നു.
നെഹ്‌റുവിന് ദുരിതാശ്വാസത്തിനായി ലഭിച്ച സംഭാവനകളില്‍ നിന്ന് തുടക്കം
ഈ സമയം ജെ.ആര്‍.ഡി ടാറ്റയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി് അല്ലെങ്കില്‍ ദേശിയ ദുരിതാശ്വാസനിധി ആരംഭിക്കാന്‍ ജവഹര്‍ലാല്‍ നെഹറുവോട് നിര്‍ദേശിക്കുന്നത്. പഞ്ചാബില്‍ നിന്നുള്‍പ്പെടെയുള്ള അഭയാര്‍ത്ഥികളെ സഹായിക്കാന്‍ നിരവധി പേര്‍ ഉണ്ട് എന്നതു കൊണ്ട് തന്നെ പദ്ധതിയ്ക്ക് വലിയ ജനശ്രദ്ധലഭിക്കുമെന്നും ടാറ്റ നെഹ്‌റുവിനോട് പറഞ്ഞു.
ടാറ്റ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി എന്ന ആശയം മുന്നോട്ട് വെക്കുന്നു
ഇത്തരത്തില്‍ ഔദ്യോഗികമായ ഒരു ഫണ്ട് തുടങ്ങേണ്ട ആവശ്യകതയുണ്ടോ? ഇതൊരു ജനറല്‍ ദുരിതാശ്വാസ ഫണ്ട് ആക്കണമോ അതോ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഫണ്ട് ആക്കി മാറ്റണോ? അല്ലെങ്കില്‍ അഭയാര്‍ത്ഥികളെ സഹായിക്കാനുള്ള ഫണ്ട് മാത്രം ആക്കണോ? എന്തായിരിക്കണം ഫണ്ടിന്റെ പേര്? ഫണ്ട് കൈകാര്യം ചെയ്യുന്നത് ആരായിരിക്കും? അതിന് ട്രസ്റ്റിയെ ഏല്‍പ്പിക്കണോ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ ഫണ്ട് ആരംഭിക്കുന്നതിന് മുന്‍പ് തന്റെ മനസില്‍ ഉയര്‍ന്നിരുന്നുവെന്ന് നെഹ്‌റു പറഞ്ഞിരുന്നു.
ഫണ്ടുമായി ബന്ധപ്പെട്ട് സുദീര്‍ഘമായ ആലോചനകള്‍
സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചതിന് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്ന് നെഹ്‌റു തീരുമാനിച്ചു. വിഷയത്തില്‍ ഗാന്ധിജിയുമായും നെഹ്‌റു ചര്‍ച്ച നടത്തി. ദുരിതാശ്വാസത്തിനായി സ്‌പെഷ്യല്‍ ഫണ്ട് തുടങ്ങുന്നതില്‍ ഗാന്ധിജിയ്ക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ലായിരുന്നു.
സഹപ്രവര്‍ത്തകരുമായും കൂടിയാലോചനയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി ആരംഭിക്കാന്‍ തീരുമാനം
നിരവധി ആളുകളോട് ചര്‍ച്ചചെയ്തതിനും ആലോചനകള്‍ നടത്തിയതിനു ശേഷവുമാണ് ഫണ്ട് ആരംഭിക്കാമെന്ന തീരുമാനത്തിലേക്ക് നെഹ്‌റു എത്തുന്നത്. പഞ്ചാബ്, സിന്ധ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ആവശ്യത്തിന് അടിയന്തിര പ്രധാന്യം നല്‍കിയെങ്കിലും എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി രൂപകല്‍പ്പന ചെയ്തത്. പദ്ധതിയ്ക്ക് സുതാര്യത വരുത്തുന്നതിലും നെഹ്‌റു പ്രത്യേക ശ്രദ്ധ ചെലുത്തി.
അഭയാര്‍ത്ഥി പ്രശ്‌നത്തിന് പ്രഥമ പരിഗണന
ദുരിതാശ്വാസ ഫണ്ടിന്റെ മേല്‍ നോട്ടത്തിനുള്ള ട്രസ്റ്റിയിലേക്ക് പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, ധനവകുപ്പ് മന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ടാറ്റ ട്രസ്റ്റിയുടെ പ്രതിനിധികള്‍, തുടങ്ങിയവരെ നിയമിച്ചു.
ട്രസ്റ്റിയുടെ മേല്‍നോട്ടത്തില്‍ ഫണ്ട് നിയന്ത്രണം
ഇതിനു പുറമെ പ്രധാനമന്ത്രിയും ഒന്നോ രണ്ടോ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടുന്നതുമായ ഒരു മാനേജിങ്ങ് കമ്മിറ്റിയും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ സുദീര്‍ഘമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് 1948ല്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി ആരംഭിച്ചത്്. തികച്ചും സുതാര്യമായ ഈ ഫണ്ടിനെ നിര്‍ജീവമാക്കി കൊണ്ടാണ് കൊവിഡ് എന്ന മഹാമാരിയുടെ ദുരിതത്തിന്റെ മറവില്‍ പി.എം കെയര്‍ എന്ന പുതിയ പദ്ധതി ഇന്ത്യയില്‍ ഉയര്‍ന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.