| Saturday, 6th June 2020, 4:50 pm

ഹിന്ദുത്വവാദികള്‍ക്ക് മലപ്പുറത്തോടുള്ള വിദ്വേഷത്തിന്റെ ചരിത്ര കാരണങ്ങള്‍ അറിയണം

കെ.ടി. കുഞ്ഞിക്കണ്ണന്‍

ചരിത്രപരമാണ് സംഘികളുടെ മലപ്പുറം വിരോധമെന്നത്. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെ ഏറനാട്ടിലെ മാപ്പിള കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ സായുധ ഉയര്‍ത്തേഴുന്നേല്പായിരുന്നു 1921 ലെ ‘മലബാര്‍ കലാപം’. നിഷ്ഠൂരമായ അടിച്ചമര്‍ത്തലും വര്‍ഗീയമായ ധ്രുവീകരണവും മൂലം അനേകം മനുഷ്യരെ അനാഥരും അഭയാര്‍ത്ഥികളുമാക്കി അവശേഷിപ്പിച്ചു കൊണ്ടാണ് കലാപം അവസാനിച്ചത്.

ഈ സാഹചര്യത്തിലാണ് കലാപത്തില്‍ പരിക്ക് പറ്റിയവരെ സഹായിക്കാനെന്ന വ്യാജേനെ ഹിന്ദുമഹാസഭ മലബാറിലേക്ക് ഒരു മെഡിക്കല്‍ സംഘത്തെ അയക്കുന്നത്. ആ സംഘത്തിലെ അംഗമായിരുന്നു ആര്‍.എസ്.എസ് സ്ഥാപകനായ ഹെഗ്‌ഡെവാര്‍.

ഹെഗ്‌ഡെവാര്‍

കോഴിക്കോട് തമ്പടിച്ച ഈ ഹിന്ദുമഹാസഭാ നേതാക്കള്‍ ദേശീയ തലത്തില്‍ മലബാര്‍ കലാപത്തെ ഹിന്ദുക്കള്‍ക്കെതിരായ മുസ്ലിം കലാപമായി പ്രചരിപ്പിക്കാനാവശ്യമായ ആസൂത്രിത പ്രചരണങ്ങളാണ് നടത്തിയത്. കോഴിക്കോട്ടെ വാസക്കാലത്താണ് ഹിന്ദു മഹാസഭക്ക് മിലിറ്റന്റായ ഒരു സായുധസേനാ ദളം രൂപികരിക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ ഹെഗ്‌ഡെവാര്‍ ആരംഭിച്ചത്.

മുസ്ലിങ്ങളെയും ദേശീയ പ്രസ്ഥാനത്തിലെ ഹിന്ദു മുസ്ലിം മൈത്രിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവരെ നേരിടാന്‍ പ്രാപ്തമായ ഹൈന്ദവ സംഘശക്തിയെ കുറിച്ചാണ് അക്കാലത്ത് ഹെഗ്‌ഡെവാര്‍ കൂടെയുണ്ടായിരുന്നവരോട് തുടര്‍ച്ചയായി സംസാരിച്ചത്. ഹെഗ്‌ഡെവറുടെ ചിന്തകള്‍ക്കും വര്‍ഗീയ നീക്കങ്ങള്‍ക്കും ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.

ഇതാണ് സംഘികളുടെ മലപ്പുറം വിരുദ്ധതയുടെ ചരിത്ര പശ്ചാത്തലം. സംഘികളുമായി ഹിന്ദുത്വ രാഷ്ട്രീയം പങ്കിടുന്ന കോണ്‍ഗ്രസുകാരിലേക്ക് വരെ ആഴ്ന്നിറങ്ങി കിടക്കുന്നതാണ് മലപ്പുറം വിരോധത്തിന്റെ വേരുകളെന്ന് മനസിലാക്കണം. സമകാലീന കേരള ചരിത്രത്തിലേക്ക് വന്നാല്‍ 1968 ജൂണ്‍ 16നാണ് മലപ്പുറം എന്ന പേരിലൊരു ജില്ല രൂപീകരിക്കപ്പെടുന്നത്.

അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയായിരുന്നു അതിന് നേതൃത്വം കൊടുത്തത്. ഇ.എം.എസ് സര്‍ക്കാറിന്റെ ഈയൊരു തീരുമാനത്തെ ജനസംഘക്കാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും ശക്തമായി തന്നെ എതിര്‍ത്തു. എന്ന് പറഞ്ഞാല്‍ ചരിത്രപരമായ കാരണങ്ങളാല്‍ വളരെ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും വികസനത്തിലേക്കും പുരോഗതിയുടെ പൊതുധാരയിലേക്കും കൊണ്ടുവരാനുള്ള സുചിന്തിതവും യുക്തവുമായൊരു നടപടിയെ വര്‍ഗീയത ഇളക്കിവിട്ട് തോല്പിക്കാനാണ് കോണ്‍ഗ്രസിലെയും ജനസംഘത്തിലെയും ഹിന്ദുത്വവാദികള്‍ നോക്കിയത്.

അവരന്ന് പറഞ്ഞത് മലപ്പുറം ഒരു കുട്ടി പാക്കിസ്ഥാനാവുമെന്നാണ്. 1968 ന് ശേഷമുള്ള അനുഭവങ്ങള്‍ അവരുടെ ആരോപണങ്ങളെയാകെ തള്ളിക്കളയുന്നതാണ്. അങ്ങേയറ്റം മതസൗഹാര്‍ദവും അതേപോലെ മതനിരപേക്ഷ സംസ്‌കാരവും നിലനില്ക്കുന്ന ജില്ലയാണ് മലപ്പുറം.

അത് അനിഷേധ്യമായൊരു യാഥാര്‍ത്ഥ്യമാണ്. അന്ന് ജനസംഘക്കാരുടെ വാദങ്ങളെ അസംബ്ലിയില്‍ ഉന്നയിക്കാന്‍ പോലും കോണ്‍ഗ്രസുകാര്‍ക്ക് മടിയുണ്ടായില്ലായെന്നത് നമ്മുടെ ചരിത്രം. ഹിന്ദുത്വവുമായി ചേര്‍ന്നു നിന്ന കോണ്‍ഗ്രസിന്റെ കുറ്റകരമായ ചരിത്രം.

സംഘികള്‍ എല്ലാ കാലത്തും മലപ്പുറം ജില്ലക്കെതിരായി അത് കുട്ടി പാക്കിസ്ഥാനാണെന്ന പ്രചാരണം തുടര്‍ന്നവരാണ്. കേരളത്തെ തന്നെ അമിത് ഷാമാര്‍ ജിഹാദി കമ്യൂണിസ്റ്റ് ഭീകരതയുടെ താവള പ്രദേശമായിട്ടാണല്ലോ ക്ഷുദ്ര വികാരങ്ങളുണര്‍ത്തുന്ന രീതിയില്‍ ആവര്‍ത്തിച്ച് വിശേഷിപ്പിക്കാറുള്ളത്.

മനേക ഗാന്ധി

ഈയൊരു സംഘി ബോധത്തില്‍ നിന്നാവണം ശ്രീമതി മനേക ഗാന്ധി പാലക്കാട് ആന ചരിഞ്ഞതിനെ മലപ്പുറത്താക്കി മലപ്പുറം ഇന്ത്യയിലെ ഏറ്റവും വലിയ ക്രിമിനല്‍ ജില്ലയാണെന്നൊക്കെ ആരോപിച്ചിരിക്കുന്നത്. സംഘികള്‍ അതെറ്റെടുത്തതും. ആനയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ക്രിമിനലുകളെ വിട്ട് മലപ്പുറത്തിനും മുസ്ലിങ്ങള്‍ക്കും നേരെ പ്രചരണം നടത്താനും അതുവഴി കേരളമെന്നത് മൃഗവേട്ടയും ആക്രമണങ്ങളുമൊക്കെ പതിവായ ഒരു സംസ്ഥാനമാണെന്ന് വരുത്തി തീര്‍ക്കാനുമാവാം ഇത്തരം പ്രചരണങ്ങള്‍ സംഘികള്‍ നടത്തുന്നത്.

സംഘികളുടെ മലപ്പുറം വിരോധത്തിന്റെ മുഖ്യ കാരണം ഏറനാടിന്റെ സാമ്രാജ്യത്വ വിരുദ്ധ ജന്മിത്വ സമരങ്ങളോടുള്ള അവരുടെ അസഹിഷ്ണുതയാണെന്ന് തിരിച്ചറിയണം. ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനുമെതിരായ പോരാട്ടങ്ങളുടെ കൊടുങ്കാറ്റു കേന്ദ്രങ്ങളില്‍ പ്രധാനമായിരുന്നു ഇന്നത്തെ മലപ്പുറം ജില്ലയുടെ ഭൂരിപക്ഷ പ്രദേശങ്ങളും. ഗാന്ധിയും ദേശീയ പ്രസ്ഥാനവും ക്വിറ്റ് ഇന്ത്യ മുദ്രാവാക്യമുയര്‍ത്തുന്നതിന് ദശകങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാരെ ഓടിച്ച് ഏറനാട്ടില്‍ തദ്ദേശീയ ജനങ്ങളുടെ ഭരണം സ്ഥാപിച്ചവരാണ് ഏറനാട്ടിലെ മാപ്പിളമാര്‍.

ആലി മുസ്‌ലിയാര്‍

ആലി മുസ്‌ലിയാരും വാരിയന്‍ കുന്നത്ത് കുഞ്ഞമ്മത് ഹാജിയും ബ്രിട്ടീഷ് മലബാറിന്റെ മണ്ണില്‍ സ്വതന്ത്ര ഭരണം സ്ഥാപിച്ചവരാണ്. ബ്രിട്ടിഷ് പാദസേവകരും ജന്മി സവര്‍ണ്ണശക്തികളും മാപ്പിളമാരുടെയും ചെറുമരുടെയും പ്രസ്ഥാനമായിട്ടാണ് ആ ദേശീയ ഉണര്‍വ്വുകളെ കണ്ടതും ആക്ഷേപിച്ചതും. ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കികളായ സവര്‍ണ ജാതി ഹിന്ദു രാഷ്ട്രീയം മലബാറിലെ ഈ ജന്മിമാര്‍ക്കും വിദേശ ഭരണത്തിനുമെതിരായ ദേശാഭിമാന മുന്നേറ്റത്തെ ഭൂരിപക്ഷ മത വികാരമുണര്‍ത്തി അടിച്ചമര്‍ത്തുന്നതിന് കുടപിടിച്ചവരാണ്.

ബ്രിട്ടീഷ് സേവകരായ സംഘികള്‍ എല്ലാ കാലത്തും സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ ജനതക്കും ദേശാഭിമാനികള്‍ക്കുമെതിരെ അക്രമികളും ബലാത്സംഗക്കാരുമെന്നൊക്കെ ആക്ഷേപം ചൊരിഞ്ഞിട്ടുണ്ട്. കുഞ്ഞാലി മരക്കാര്‍ മുതല്‍ ടിപ്പു വരെയുള്ളവരെ അവര്‍ അപമാനിച്ചിട്ടുണ്ട്. അക്രമികളായി ചിത്രീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more