ഖത്തറിന്റെ മൈതാനങ്ങളിലേക്ക് ലോക ഫുട്ബോൾ ചുരുങ്ങിയ നാളുകൾക്ക് ഡിസംബർ 18ന് അവസാനമാകും.
അന്ന് അൽ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8:30ന് നടക്കുന്ന മത്സരത്തിലെ വിജയികളായിരിക്കും തുടർന്നുള്ള നാല് വർഷങ്ങളിലെ ഫുട്ബോൾ രാജാക്കൻമാർ.
ഇന്ത്യക്കാർക്ക് ആഹ്ലാദിക്കാൻ പറ്റിയ ഒരു വാർത്ത ഖത്തറിൽ നിന്നും പുറത്ത് വരുന്നുണ്ട്. ഡിസംബർ 18ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ലോകകപ്പ് വേദിയിലേക്ക് ജേതാക്കൾക്കുള്ള ട്രോഫി എത്തിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഡിസംബർ 18ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരം ഉടൻ ഖത്തറിലേക്ക് പറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ചരിത്രത്തിലാദ്യമായിരിക്കും ഇന്ത്യയിൽ നിന്നുള്ള ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു സിനിമാ താരമോ ലോകകപ്പ് ട്രോഫി എത്തിക്കുക.
ലോകകപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് നോറാ ഫത്തേഹി അവതരിപ്പിച്ച ഡാൻസ് പെർഫോമൻസും ലോകകപ്പ് വേദിയിൽ വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
36കാരിയായ ദീപിക നിലവിൽ ഷാരൂഖ് ഖാൻ, ജോൺ എബ്രഹാം തുടങ്ങിയ വമ്പൻ താരനിരയടങ്ങിയ “പത്താൻ” എന്ന സിനിമയുടെ തിരക്കിലാണ്. പ്രോജക്ട് K, സർക്കുസ് മുതലായ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.
അതേ സമയം ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പ്രീ ക്വാർട്ടർ റൗണ്ട് ബുധനാഴ്ചയാണ് അവസാനിക്കുക. പ്രീ ക്വാർട്ടർ ജയിച്ചു കയറിയ ടീമുകൾ ഡിസംബർ ഒമ്പത് മുതൽ 11 വരെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടും.
ക്വാർട്ടർ ജയിച്ചു കയറുന്ന നാല് ടീമുകൾ ഡിസംബർ 14, 15 തീയതികളിലാണ് പരസ്പരം ഏറ്റുമുട്ടുക. തുടർന്ന് അൽ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ഡിസംബർ 18ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ലോക ഫുട്ബോളിലെ പുതിയ ചാമ്പ്യൻമാർ ഉദയം ചെയ്യും.
Content Highlights: The historical moment Deepika Padukone delivers the trophy at the Qatar World Cup final venue