| Wednesday, 10th September 2014, 5:35 pm

ലവ്ജിഹാദ് വീണ്ടും ഒരു രാഷ്ട്രീയ ആയുധമാകുന്നത് എങ്ങിനെ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലവ്ജിഹാദ് തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംജ്ഞയാണ്. ഒരു പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍, കേരളീയ രാഷ്ട്രീയ പരിസരത്ത് വലിയ തോതില്‍ വിളവ് കൊയ്യാനാകുമോ എന്ന് സംഘപരിവാര്‍ നടത്തിയ കേവല പരീക്ഷണം മാത്രമായിരുന്നു അത്. സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിന് പൊതുവേ വളക്കൂറില്ലാത്ത കേരളത്തിലാണ് ഇതിന്റെ ബീജാവാപവും പിറവിയും എന്നത് ഒരു പ്രബുദ്ധ സമൂഹം എന്ന നിലയില്‍ കേരളത്തിന് അപമാനകരം തന്നെയാണ്. ജഹാംഗീര്‍ റസാഖ് പാലേരി എഴുതുന്നു…


“ലവ്ജിഹാദ്” എന്ന പദത്തെ “ലവ്” എന്നും “ജിഹാദ്” എന്നും പിരിച്ചെഴുതാം എന്ന് തോന്നുന്നു. “ലവ്” എന്ന ഇംഗ്ലീഷ് വാക്കിനു മലയാളത്തില്‍ സ്‌നേഹം, പ്രേമം, പ്രണയം തുടങ്ങിയ അര്‍ത്ഥങ്ങള്‍ ഉണ്ട്. “ജിഹാദ്” എന്നത് പ്രയാസങ്ങളോട് മല്ലിടുക എന്നര്‍ത്ഥം വരുന്ന അറബി പദമാണ്. ഈ വാക്കിനു വ്യക്തിഗതമായ ശ്രമം അഥവാ personal effort എന്നൊരര്‍ത്ഥം കൂടിയുണ്ട്. “അല്‍ജിഹാദ് ഫീ സബീലില്ലാഹ്” (ദൈവമാര്‍ഗ്ഗത്തിലെ സമരം) എന്ന രൂപത്തില്‍ ഖുര്‍ആനിലും, ഹദീസുകളിലും ധാരാളമായി വന്നിട്ടുള്ള രൂപമാണ് സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ജിഹാദില്‍ ഏര്‍പ്പെടുന്ന വ്യക്തിയെ “മുജാഹിദ്” എന്ന് വിളിക്കുന്നു.

എന്തായാലും നിഘണ്ടുവിലും ഇസ്‌ലാമിക പ്രത്യയശാസ്ത്രങ്ങളിലും കല്‍പ്പിക്കപ്പെടുന്ന അര്‍ത്ഥമൊന്നുമല്ല കഴിഞ്ഞ പതിറ്റാണ്ടുകളായി ലോകവും ഭരണകൂടങ്ങളും ഈ പദത്തിന് നല്‍കിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും, വ്യാഖ്യാനമോ ദുര്‍വ്യാഖ്യാനമോ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള വാക്കുകളില്‍ ഒന്ന് ഒരു പക്ഷേ ജിഹാദ് എന്ന പദം തന്നെയായിരിക്കും.

അതിനു ഇസ്‌ലാമികേതരമായ കാരണങ്ങളെ പഴിക്കാന്‍ മുസ്‌ലീങ്ങള്‍ക്കു അവകാശമുണ്ട്. എന്നാല്‍ അത്തരമൊരു തെറ്റിദ്ധാരണ പരത്തുന്നതില്‍ പ്രമുഖമായ പങ്ക് ഇസ്‌ലാമിന്റെ പേരില്‍ ആ മതത്തെ ലോകത്തിനു മുന്നില്‍ വികൃതമാക്കിക്കളഞ്ഞ തീവ്രവാദികള്‍ക്കാണ്. എന്തായാലും പുതിയ ലോകത്ത് “സെപ്തംബര്‍ 11”-ന് ശേഷമായിരിക്കും ഈ വാക്ക് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടാവുക എന്നത് സംശയരഹിതമാണ്.

ലവ്ജിഹാദ് തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംജ്ഞയാണ്. ഒരു പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍, കേരളീയ രാഷ്ട്രീയ പരിസരത്ത് വലിയ തോതില്‍ വിളവ് കൊയ്യാനാകുമോ എന്ന് സംഘപരിവാര്‍ നടത്തിയ കേവല പരീക്ഷണം മാത്രമായിരുന്നു അത്. സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിന് പൊതുവേ വളക്കൂറില്ലാത്ത കേരളത്തിലാണ് ഇതിന്റെ ബീജാവാപവും പിറവിയും എന്നത് ഒരു പ്രബുദ്ധ സമൂഹം എന്ന നിലയില്‍ കേരളത്തിന് അപമാനകരം തന്നെയാണ്.

പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ത്ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലവ്ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു.

[]ഇതേ നിര്‍ദ്ദേശങ്ങള്‍ ഗവണ്മെന്റിനും പോലീസിനും നല്‍കിയ അന്നാണ്, 2009 ഡിസംബര്‍ 9 ന്, ജസ്റ്റിസ് കെ.ടി. ശങ്കരന്‍ നിഭാഗ്യകരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. (ഒരു പക്ഷേ ഇന്നും ഉത്തരേന്ത്യയില്‍ കേരള ഹൈക്കോടതി ലവ്ജിഹാദിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന രൂപത്തില്‍ സംഘപരിവാര്‍ പ്രചരണം നടത്തുന്നത് ജസ്റ്റിസ് ശങ്കരന്റെ അന്നത്തെ വാക്കുകളാണ്. പക്ഷേ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ലവ്ജിഹാദിന്റെ കാര്യത്തില്‍ കോടതി ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ശങ്കരന് വ്യക്തമാക്കേണ്ടി വന്നു. മാത്രമല്ല കേസിന്റെ അന്തിമ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് എം. ശശിധരന്‍ ലവ്ജിഹാദ് എന്ന ആരോപനതെത്തന്നെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണുമുണ്ടായത്.)

ഇതെത്തുടര്‍ന്ന് ലവ്ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്‌നമായി കാണണമെന്ന് കേരളത്തിലെ ഹൈന്ദവസംഘടനകളും, ബി.ജെ.പിയും ആവശ്യമുന്നയിച്ചു തുടങ്ങി. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു. പക്ഷേ, ഇതിന്റെ പേരില്‍ കേരളത്തിലെയും കര്‍ണ്ണാടകയിലെയും കുറെ യുവാക്കള്‍ പോലീസ് സ്‌റ്റേഷനിലും കോടതിയിലുമായി പീഡിപ്പിക്കപ്പെട്ടെങ്കിലും ഭാഗ്യവശാല്‍ സംഘപരിവാറിനു അവര്‍ ഉദ്ദേശിച്ചത് പോലെയുള്ള ഒരു രാഷ്ട്രീയ നേട്ടം ഇതില്‍ നിന്നും കൊയ്യാന്‍ ആയില്ല.

ഈ വിവാദത്തെത്തുടര്‍ന്ന് ലവ്ജിഹാദിനെ കുറിച്ചും അങ്ങനെയൊന്നുണ്ടെങ്കില്‍ അതുമായി ബന്ധമുള്ളവര്‍ക്കുള്ള ദേശീയ-അന്തര്‍ദ്ദേശീയ ബന്ധവും അത്തരക്കാര്‍ക്ക് മയക്കുമരുന്ന്, കൊള്ളസംഘങ്ങള്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നടത്തിയ സത്യവാങ് മൂലത്തില്‍ ഇത്തരം സംഘടനകള്‍ കേരളത്തില്‍ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി.


കള്ളക്കടത്ത്, മയക്കുമരുന്ന്വ്യാപാരം, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആരോപിതമായ പ്രവര്‍ത്തനങ്ങളുമായി ഈ വിവാദ മിശ്രവിവാഹങ്ങള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്നും ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍ ഉണ്ടെന്നും ഡി.ജി.പിയുടെ സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയയുള്ളതാണ് ഇത്തരം കുപ്രചാരണങ്ങള്‍ എന്നും, നീതിപീഠതിന്റെ മനസ്സിനെ ഇത് വേദനിപ്പിക്കുന്നു എന്നും തന്റെ വിധിന്യായത്തില്‍ ജസ്റ്റിസ് എം ശശിധരന്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല പോലീസ് മനഃപൂര്‍വ്വം കെട്ടിച്ചമച്ച കേസാണിതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം തന്റെ ഉത്തരവില്‍ വ്യക്തമാക്കി. ഇതിനെക്കുറിച്ച് പോലീസ് സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.പത്തനംതിട്ടയിലെ സ്വാശ്രയ കോളജിലെ രണ്ടു വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. ഇവര്‍ക്കെതിരായ തുടര്‍ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമായതിനാല്‍ അതൊരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.

“ലൗജിഹാദ്” വഴി ദക്ഷിണ കര്‍ണ്ണാടകയിലെ 3000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണ്ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കര്‍ണ്ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നല്‍കുകയുണ്ടായി. 2009 സെപ്റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത് എന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ആക്കാലയളവില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പോലും ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ലേഖന പരമ്പരകള്‍ വന്നു. നമ്മുടെ ചില ദൃശ്യ മാധ്യമങ്ങളും അത് വാര്‍ത്താപരമ്പരയാക്കി. പ്രത്യേകിച്ച് ഒരു സമുദായത്തോടും പക്ഷപാതിത്വമില്ലാത്ത കേരളീയ മാധ്യമങ്ങളില്‍ പോലും ആ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത് അത്തരം മാധ്യമങ്ങളില്‍ ഉണ്ടായിരുന്ന സംഘപരിവാര്‍ അനുയായികളായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ എഡിറ്റര്‍മാരെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടായിരുന്നു എന്ന് ഇപ്പോള്‍ പല മാധ്യമസുഹൃത്തുക്കളും സ്വകാര്യ സംഭാഷണങ്ങളില്‍ സമ്മതിക്കുന്നു.

എന്നിട്ടുപോലും ലവ്ജിഹാദ് എന്നത് ഹിന്ദുത്വ ആലയില്‍ രൂപപ്പെടുത്തിയ ഒരു വര്‍ഗ്ഗിയ പ്രചാരണം മാത്രമായിരുന്നു എന്ന് നീതിപീഠവും, പോലീസും തിരിച്ചറിഞ്ഞതിനു ശേഷവും നിലനില്പിനായി എന്നും നുണപ്രചരണങ്ങളെ ആശ്രയിക്കുന്ന ഹിന്ദുത്വ ബന്ധമുള്ള സൈറ്റുകള്‍, സംഘടനകള്‍ ഈ ആരോപണം സജീവമായി നിലനിറുത്തുന്നു. മാത്രവുമല്ല രാജ്യത്ത് ഇതിനകം തന്നെ ശക്തിയാര്‍ജിച്ച ന്യൂനപക്ഷ വൈകാരികതയെ മുതലെടുത്ത് രൂപീകരിച്ച സംഘടനകളെ പ്രതിരോധിക്കുവാനും, ആരോപണത്തിന്റെ മുള്‍മുനയില്‍ നിറുത്തുവനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നു. നാട്ടിലെ നിഷ്‌ക്കളങ്കരായ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് ആശങ്കയിലാക്കി ആരോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെ കാമ്പസ്സുകളില്‍ പോലും സംശയ ദൃഷ്ടിയോടെ കാണുന്ന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷം സംജാദമാക്കി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെ അപൂര്‍വ്വമായി മാത്രമേ ഇത് സംബന്ധിച്ച വാര്‍ത്തകളും, പരാമര്‍ശങ്ങളും കാണുവാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ സെപ്റ്റംബര്‍ 13ന് യു.പിയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ്ജിഹാദ് പ്രചാരണവുമായി ആര്‍.എസ്.എസ് വീണ്ടും രംഗത്തെത്തിയത്.

ലവ്ജിഹാദിന് ഇരയാകുന്ന ഹിന്ദുസ്ത്രീകളെ രക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. നേരത്തേ സംഘപരിവാറില്‍പെട്ട വി.എച്ച്.പി, ബജ്‌റംഗ് ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച്, ധര്‍മ ജാഗരണ്‍ മഞ്ച് എന്നീ സംഘടനകള്‍ ലവ്ജിഹാദ് പ്രചാരണം നടത്തിയിരുന്നു. ഗോരഖ്പുര്‍ എംപി യോഗി ആദിത്യനാഥാണ് ഇതുസംബന്ധിച്ച വിവാദ പ്രസ്താവനയുമായി ആദ്യം രംഗത്തിറങ്ങിയത്. ഉത്തര്‍പ്രദേശില്‍ “ലവ്ജിഹാദ്” നിലനില്‍ക്കുന്നുവെന്നും അഖിലേഷ് യാദവിന്റെ ഗവണ്‍മെന്റ് അതിനു ചൂട്ടുപിടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. “ഒരു ഹിന്ദു യുവതിയെ മുസ്‌ലിം വിശ്വാസി വിവാഹം ചെയ്താല്‍ 100 മുസ്‌ലിം സ്ത്രീകളെ വിവാഹം ചെയ്ത് ഹിന്ദുമതത്തിലേക്ക് മാറ്റണ”മെന്നും അദ്ദേഹം പിന്നീട് പ്രസംഗിച്ചു.


മുസ്‌ലിം യുവാക്കള്‍ ചേലാകര്‍മ്മം ചെയ്യുന്നത് കൊണ്ട് ഹൈന്ദവയുവതികള്‍ക്ക് പരമാവധി ലൈംഗിക ആനന്ദം പ്രദാനം ചെയ്യാന്‍ സാധിക്കുന്നതുകൊണ്ടാണ് ഹിന്ദു യുവതികള്‍ ഇത്തരം കെണികളില്‍ പെട്ടുപോകുന്നത് എന്ന സംഘപരിവാര്‍ നേതാവ് ഗിരിരാജ് കിഷോറിന്റെ പ്രസ്താവന ( ഔട്ട്‌ലുക്ക് വാരിക, സപ്തംബര്‍ 8, 2014) സ്വന്തം സമുദായത്തിലെ യുവതീ-യുവാക്കളെ അപമാനിച്ചാലും വേണ്ടിയില്ല, തങ്ങളുടെ പാര്‍ലമെന്ററീ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവായി കാണാവുന്നതാണ്.

ഭാഗ്യവശാല്‍ ഉത്തര്‍പ്രദേശില്‍ ലൗജിഹാദിന് ഇതുവരെ രാഷ്ട്രീയമായ ശക്തി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. കാരണം യുവതികളൊക്കെ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇണകളെ തെരഞ്ഞെടുക്കുന്നത്. ജാതിയുടേയും മതത്തിന്റെയും വേലികെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ടാണ് അവര്‍ അപരിചിതരുമായി “പ്രണയ വിവാഹ” ത്തില്‍ ഏര്‍പ്പെടുന്നത്. അതേസമയം ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ ചിലതൊക്കെ സമൂഹത്തിന്റെ സമ്മര്‍ദം കാരണമായും, സംഘപരിവാര്‍ ഉപജാപത്തിന്റെ ഫലമായും പരാജയപ്പെടാറുണ്ട്. എന്നാല്‍ കൂടുതല്‍ പേരും അതിജീവിക്കാറാണ് പതിവ്.

ഇവരൊക്കെ തന്നെ ഒരു വന്‍ഗൂഢാലോചനയുടെ ബാക്കിപത്രങ്ങളാണെന്ന തരത്തില്‍ രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ടിട്ടാകണം ജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ സാധിക്കാത്ത ലൗജിഹാദ് എന്ന പദത്തിന് പകരം വേറെ ഒരെണ്ണവുമായി അവര്‍ അവതരിച്ചത്. മുസഫര്‍നഗര്‍ കലാപത്തിനും അതിനെ തുടര്‍ന്ന് വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും ശേഷം “ബാഹു ബേട്ടി ബച്ചാവോ ആന്തോളന്‍” (പെണ്‍മക്കളേയും മരുമക്കളേയും സംരക്ഷിക്കുന്ന പ്രസ്ഥാനം) എന്ന പ്രസ്ഥാനവുമായി ഇറങ്ങിയിരിക്കുകയാണ് അവരിപ്പോള്‍.

ഹിന്ദു സ്ത്രീകളെ മുസ്‌ലിം ചെറുപ്പക്കാര്‍ ലൈംഗികമായി ആക്രമിക്കുന്നു എന്നാണ് ഈ പ്രസ്ഥാനത്തിന്റെ മുഖ്യവാദം. ദേശീയ തലത്തില്‍ ഗുജറാത്ത് മോഡലിനേയും നരേന്ദ്ര മോദിയേയും ഉയര്‍ത്തി പിടിച്ചാണ് ബി.ജെ.പി ഇലക്ഷന്‍ പ്രചാരണം നടത്തിയത്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് അമിത്ഷായും സംഘവും ഏര്‍പ്പെട്ടത്.

നമ്മുടെ സ്ത്രീകളുടെ മാനം കവരുന്നവരാണ് മുസ്‌ലിംകള്‍” എന്ന തരത്തിലായിരുന്നു അമിത്ഷായുടെ സംസാരങ്ങള്‍. “നമ്മുടെ പെണ്‍കുട്ടികളുടേയും മരുമക്കളുടേയും മാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പ്” എന്നായിരുന്നു സഞ്ചീവ് ബാലിയയുടെ ഇലക്ഷന്‍ മുദ്രാവാക്യം. പ്രണയിക്കുന്നവരെ കുറിച്ചുള്ള സംസാരമല്ല പിന്നീട് കേട്ടത്, പകരം നിര്‍ബന്ധമായും പ്രതികാരം ചെയ്യേണ്ട ലൈംഗിക കുറ്റകൃത്യങ്ങളാണ് അവിടങ്ങളില്‍ നടക്കുന്നത് എന്ന രീതിയിലാണ് കാര്യങ്ങള്‍ പ്രചരിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പിന് ശേഷം ദേശീയ മാധ്യമങ്ങളില്‍ തട്ടികൊണ്ടു പോകലും, കൂട്ടബലാത്സംഗവും നിര്‍ബന്ധ മതപരിവര്‍ത്തനവും നിറഞ്ഞു നിന്നു. ഇതിനൊക്കെയെതിരെ ഒരു ഹിന്ദു സംഘടനയുടെ പ്രതിഷേധ പരിപാടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ ലവ്ജിഹാദ് എന്ന ഒരു പദം ഒരിക്കലും ഉപയോഗിക്കാത്ത ഹിന്ദി പത്രങ്ങളൊക്കെ തന്നെ ഇപ്പോള്‍ ആ പദം ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മീററ്റില്‍ നടന്നതായി പറയപ്പെടുന്ന കൂട്ടമാനഭംഗവും, മതപരിവര്‍ത്തവും, അതുപോലെ മറ്റു ചില കേസുകളും മാധ്യമങ്ങള്‍ ആഘോഷിച്ചെങ്കിലും അവയ്‌ക്കൊന്നും തന്നെ തീ ആളിക്കത്തിക്കാന്‍ സാധിച്ചില്ല. കാരണം അത്തരം സംഭവങ്ങളൊക്കെ തന്നെ ഇണകളുടെ പരസ്പര സമ്മതത്തോടെ നടന്ന ഒരുമിച്ചു ചേരലായിരുന്നു.

താനാ ഭവനില്‍ നടന്നതായി നേരത്തെ മുസഫര്‍നഗറില്‍ നടന്നെന്ന് പറയപ്പെട്ട സംഭവം ആഗസ്റ്റ് പകുതിയോടെ തന്നെ വ്യാജമാണെന്ന് തെളിഞ്ഞ് കെട്ടടങ്ങുകയാണുണ്ടായത്. ആ സംഭവത്തിലെ യുവതി പിന്നീട് താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനോടൊപ്പം വീട് വിട്ടിറങ്ങി പോയതെന്ന് അധികാരികളെ ബോധിപ്പിക്കുകയും തനിക്ക് ഹൈകോടതിയുടെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നിട്ടും ലൗജിഹാദ് എന്ന വിഷയത്തില്‍ തന്നെയാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച്ച ഉത്തര്‍പ്രദേശില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംസ്ഥാനത്ത് നടക്കുന്ന 99 ശതമാനം ബലാല്‍സംഗ കേസുകളിലേയും പ്രതികള്‍ മുസ്‌ലിംകളാണെന്ന പച്ചകള്ളം യു.പിയിലെ ബി.ജെ.പി പ്രസിഡന്റ് ലക്ഷമീകാന്ദ് ബജ്പാല്‍ ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ “ലവ്ജിഹാദികളെ” സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് അയാള്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാന ഘടകത്തിലെ ഔദ്യോഗിക രാഷ്ട്രീയ വക്താക്കള്‍ ലവ്ജിഹാദ് എന്ന പദം പരമാവധി ഒഴിവാക്കി കൊണ്ടുള്ള വര്‍ത്തമാനങ്ങളാണ് പറയുന്നത്.

ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്ന ചിലര്‍ മറ്റു വിഭാഗത്തിലെ സ്ത്രീകള്‍ക്കു നേരെ മാനഭംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് എല്ലാവരുടേയും പരിഗണനക്ക് വരേണ്ടതാണ് എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ അവര്‍ ഇറക്കുന്നുണ്ട്. ലവ്ജിഹാദ്, “ബാഹു ബേട്ടി ബച്ചാവോ” തുടങ്ങിയവ കേവലം ചില സാങ്കേതിക പദങ്ങള്‍ മാത്രമാണ്. “ഹിന്ദു സ്ത്രീകളെ ഹിന്ദു പുരുഷന്‍മാര്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണ്” എന്നാണ് ബി.ജെ.പി നേതാക്കള്‍ പ്രസംഗിക്കുന്നത്. അതാണവരുടെ നിലപാട്.

എന്തായാലും സെപ്റ്റംബര്‍ 13ന് യു.പിയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലവ്ജിഹാദ് എന്ന സംഘപരിവാര്‍ ആയുധം ഉത്തര്‍പ്രദേശില്‍ വേണ്ടത്ര ഫലപ്രാപ്തിയില്‍ എത്തിയ മട്ടില്ല. ഇന്ത്യയില്‍ സംഘപരിവാര്‍ ഫാസിസത്തിന്റെ വളര്‍ച്ചയും, ബി.ജെ.പിയുടെ അടുത്തകാലത്തെ രാഷ്ട്രീയ വളര്‍ച്ചയും പരിശോധിക്കുമ്പോള്‍ നമുക്ക് ആയാസരഹിതമായി മനസ്സിലാകുന്ന കാര്യം, രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെയും, ഇന്ത്യയുടെ മതേതര മനസ്സിനെ ഭിന്നിപ്പിച്ചും കൊണ്ടാണ് അവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്തത് എന്നത് എന്നാണ്.

അദ്വാനിയുടെ രഥയാത്രയും, രാമക്ഷേത്രവും ഒരു കാലത്ത് സംഘപരിവാര്‍ വിദഗ്ദമായി ഉപയോഗിച്ച് ഇന്ത്യയുടെ മതേതരത്വത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ട്ടിചെങ്കില്‍, പിന്നീട് കാണുന്നത് നരേന്ദ്രമോഡി എന്ന സംഘപരിവാര്‍ നേതാവിനെ മുന്‍നിര്‍ത്തി കോടാനുകോടികള്‍ മുടക്കി മാധ്യമങ്ങളെയും, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും, പി.ആര്‍ ഗിമ്മിക്കുകളെയും മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതും, അതില്‍ വിജയം കാണുന്നതുമാണ്.

ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകുന്ന കാര്യം രാമക്ഷേത്രവും, നരേന്ദ്രമോഡിയുടെ സ്വപ്നവ്യാപാരങ്ങളുമെല്ലാം രാഷ്ട്രീയ ഗോദയിലെ എടുക്കാചരക്കുകള്‍ ആയിരിക്കുന്നു. അത്തരം ഒരവസരത്തിലാണ് പ്രണയത്തിന്റെ വര്‍ഗ്ഗീയവല്‍ക്കരണ സാധ്യതകള്‍ സംഘപരിവാര്‍ ആരായുന്നത്. അങ്ങിനെയാണ് ലവ്ജിഹാദിനെ വ്യത്യസ്തമായ പേരിലും ഭാവത്തിലും ഇന്ത്യയിലുടനീളം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ അവര്‍ തീരുമാനിക്കുന്നത്. ഫലത്തില്‍ ഫാസിസത്തിന്റെ ഈ പുതിയ രാഷ്ട്രീയ പരീക്ഷണ രീതികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ ആയിത്തീരുകയാണ്. ഈ മഹാരാജ്യത്തിലെ മതേതര  ജനാധിപത്യ വിശ്വാസികളും, സമാധാന കാംക്ഷികളും ജാഗരൂകരായിരിക്കേണ്ട കാലമാണ് മുന്നില്‍ എന്നതിന് സംശയമൊന്നുമില്ല. ഇല്ലെങ്കില്‍ മുസഫര്‍ നഗരുകളും, വര്‍ഗ്ഗീയ കലാപങ്ങളും നമ്മെ ദുസ്വപ്നങ്ങളായി പിന്തുടരുമെന്നു ഭയക്കേണ്ടിയിരിക്കുന്നു.

Email: adv.jahangeer@gmail.com

Latest Stories

We use cookies to give you the best possible experience. Learn more