| Thursday, 30th July 2015, 2:36 pm

'മനുഷ്യത്വ വിരുദ്ധം, മനസാക്ഷിക്ക് നിരക്കാത്തത്'; മേമന്റെ വധശിക്ഷയോടുള്ള ദി ഹിന്ദുവിന്റെ എഡിറ്റോറിയല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊഴിമാറ്റം : ഷഫീക്ക് എച്ച്. ജിന്‍സി ബാലകൃഷ്ണന്‍


ഡൂള്‍ന്യൂസിന് പറയാനുള്ളത്‌

പ്രിയമുള്ളവരെ, ഇന്ത്യന്‍ ജനാധിപത്യത്തെ വീണ്ടും ഭരണകൂടവും നീതി ന്യായവ്യവസ്ഥിതിയും റദ്ദാക്കിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഹിന്ദുവിന്റെ ഈ എഡിറ്റോറിയല്‍ മൊഴിമാറ്റം നല്‍കി പ്രസിദ്ധീകരിക്കുന്നത്. വധശിക്ഷ എന്ന ഏറ്റവും ക്രൂരമായ നിയമ കൊലപാതകം, ഭരണകൂട കൊലപാതകം അവസാനിക്കാതെ ജനാധിപത്യത്തിന് ഇനി ഒരു ജന്മം സാധ്യമാകും എന്ന് കരുതാനാവില്ല. ഒരാളുടെ ജീവനു തന്നെ അവസാനം കുറിച്ചുകൊണ്ട് എങ്ങനെയാണ് നീതി നടപ്പാക്കുക എന്ന് ഏറ്റവും മനുഷ്യത്വപരമായ ചോദ്യം അഭിസംബോധനചെയ്യാതെ നാളിതുവരെയും ഭരണകൂടം ഒഴിഞ്ഞുമാറുകയാണ്.

അഫ്‌സല്‍ ഗുരു അടക്കം ഇന്ത്യന്‍ മനസാക്ഷിക്കുവേണ്ടി മനുഷ്യനെ കൊന്നു തള്ളുന്നതെന്ത് നീതിയാണെന്ന് ഇനിയും ചോദിക്കാതെ മനുഷ്യത്വത്തിന്റെ പക്ഷത്ത് എങ്ങനെയാണ് നമുക്ക് നിലയുറപ്പിക്കാനാവുക? എത്രതന്നെ കുറ്റ കൃത്യം ചെയ്യുമ്പോഴും അത്തരം കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നതിനുള്ള സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-മനശാസ്ത്ര ഘടകങ്ങള്‍ അവസാനിക്കാതെയും ഒരു മനുഷ്യനെ തൂക്കിലേറ്റി ഭരണകൂടത്തിന് രക്ഷപ്പെടാന്‍ കഴിയുമെന്നോ? ഇക്കാലമത്രയും ഭരണകൂടം ചെയ്ത കുറ്റ കൃത്യങ്ങളുടെ ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിങ്ങ് ആരാണ് നടത്തുക? ആരാണതിനെ ശിക്ഷിക്കുക?

ലോകമെങ്ങും ആധുനികഭരണകൂടങ്ങളും നിയമസിദ്ധാന്തങ്ങളും പ്രതികാര ശിക്ഷാ സംവിധാനങ്ങള്‍ ഉപേക്ഷിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നിട്ടും ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നഹങ്കരിക്കുന്ന ഇന്ത്യയ്ക്ക് പ്രസ്തുത വിഷയത്തില്‍ നാളിതുവരെയും ഒരു നിലപാട് സ്വീകരിക്കാനാവുന്നില്ല എന്നത് അതിനെതിരെയുള്ള പൊതുബോധം അത്രകണ്ട് ശക്തിപ്പെടുന്നില്ല എന്നാണ് കാണിക്കുന്നത്. അഥവാ പൊതുബോധം പ്രതികാര ശിക്ഷാ സംവിധാനങ്ങള്‍ക്കൊപ്പമാണ് എന്നതുകൊണ്ടുകൂടിയാണ്. അതിനാല്‍ ഏറ്റവും നീചമായ ഈ ശിക്ഷാ രീതിക്കെതിരെ പൊതുമനസാക്ഷി ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മേമനെ തൂക്കിലേറ്റിയതിനെ ഹിന്ദു വിശേഷിപ്പിച്ച “മനുഷ്യത്വ വിരുദ്ധം, മനസാക്ഷിക്ക് നിരക്കാത്തത്” എന്നീ പദങ്ങള്‍ക്കപ്പുറം മറ്റെന്ത് വിശേഷിപ്പിക്കാനാണ്?  – എഡിറ്റോറിയല്‍



ഹിന്ദുവിന്റെ എഡിറ്റോറിയല്‍

“മനുഷ്യത്വ വിരുദ്ധം, മനസാക്ഷിക്ക് നിരക്കാത്തത്

നിയമപര്യവസാനമെന്നത് മേമനെ തൂക്കിലേറ്റിയേ പറ്റു എന്ന് അനിവാര്യമായും അര്‍ത്ഥമാക്കുന്നില്ല. രാഷ്ട്രപതിയുടെ മുന്നില്‍ മേമന്റെ ഏറ്റവും പുതിയ ദയാഹര്‍ജി നേര്‍ത്തൊരു നൂലില്‍ തൂങ്ങിയാടുമ്പോഴും ഒരിക്കലും തിരിച്ചുവിടാനൊക്കാത്ത, മനുഷ്യത്വ വിരുദ്ധമായ വധശിക്ഷയെ മാത്രമേ ഒരു ജനാധിപത്യ രാജ്യത്തിന് ആശ്രയിക്കാന്‍ കഴിയുമായിരുന്നുള്ളോ?

ഒരു നീതിന്യായ വ്യവസ്ഥ വധശിക്ഷ മുന്നോട്ട് കൊണ്ടുപോയതിലൂടെ പ്രസ്തുത ശിക്ഷക്ക് തന്നെ കാരണമായിത്തീര്‍ന്ന കുറ്റകൃത്യത്തില്‍ നിന്നും പ്രാമാണികമായോ ധാര്‍മികമായോ ഒട്ടും തന്നെ വ്യത്യസ്തമല്ല ആ നീതിവ്യവസ്ഥയും എന്ന പ്രതീതി മാത്രമാണുളവാക്കുന്നത്. അടുത്തകാലത്താണ് അഫ്‌സല്‍ ഗുരുവിന്റെ ഏറ്റവും ഭീതിതമായ ജുഡീഷ്യല്‍ മര്‍ഡര്‍ നടന്നത്. അന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അവസാനമായി അദ്ദേഹത്തെ ഒന്ന് കാണാനുള്ള അവസരം പോലും നല്‍കിയില്ല. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള ധാര്‍മികത മുമ്പെങ്ങുമില്ലാത്തവിധം റദ്ദാക്കപ്പെടുകയായിരുന്നു അന്ന്. ഈ സാഹചര്യത്തിലാണ് പ്രതിയോടും കുടുംബത്തോടുമുള്ള ഔപചാരിക ആശയവിനിമയം അതായത് വധശിക്ഷ നടക്കുന്നതിനെ സംബന്ധിച്ച് പ്രാദേശിക നിയമ സഹായ കേന്ദ്രത്തെ 14 ദിവസം മുമ്പ് അറിയിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ആരംഭത്തില്‍ കോടതിക്ക് പറയേണ്ടിവന്നത്.

ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഓരോ ജീവനുകള്‍ പൊലിയുമ്പോഴും അതുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു. മുംബൈ സ്‌ഫോടനകേസും അതുപോലെ തന്നെ. വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ച 10 പേര്‍ക്ക് ജീവപര്യന്തമായി ഇളവു നല്‍കുമ്പോഴും യാക്കൂബ് മേമന് മാത്രം വധശിക്ഷ നല്‍കുകയായിരുന്നു. ഇത്തരം വിവേചനങ്ങള്‍ ഒരു സാധാരണക്കാരന് പക്ഷപാതമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. മേമന്റെ കുടുംബം ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിക്കപ്പെടുകയായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിച്ച ഒരു മനുഷ്യനെയാണ് തൂക്കിലേറ്റിയത് എന്ന നിഴലാണ് നമുക്കു മുമ്പില്‍ വ്യക്തമാക്കുന്നത്.

വധശിക്ഷ അനിവാര്യമോ അല്ലെയോ എന്നതു സംബന്ധിച്ച സംവാദങ്ങള്‍, കുറ്റകൃത്യത്തിന്റെ സ്വഭാവം, തീവ്രത, ക്രൂരത, അതുണ്ടാക്കിയ മരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍കൊണ്ട് തീര്‍ത്തും മുങ്ങിപ്പോവുകയായിരുന്നു. ഇനിയെങ്കിലും ഈ സംവാദം ഉത്തരത്തിലെത്തേണ്ടതുണ്ട്. കുറ്റകൃത്യം എത്രത്തോളം ക്രൂരമായാലും ഏതു സാഹചര്യത്തിലായാലും, എത്രമരണങ്ങള്‍ക്കു ഹേതുവായാലും നിയമപുസ്തകത്തില്‍ വധശിക്ഷ എന്ന വാക്കു വേണ്ടെന്നുവെക്കാനുള്ള ധാര്‍മ്മിക നിലപാട് എല്ലാവരും കൈക്കൊള്ളേണ്ട ഒരു സമയമാണിത്.

വധശിക്ഷ നടപ്പിലാക്കുന്നത് അധികാരികളെ സംബന്ധിച്ച് വളരെയധികം സങ്കീര്‍ണമായി ഒന്നാക്കി മാറ്റുകയാണ് സുപ്രീം കോടതി ചെയ്യുന്നതെന്ന് വധശിക്ഷ സംബന്ധിച്ച നിയമവും ദയാ നിയമപരിപാലവും കൃത്യമായി പരിശോധിക്കുന്നവര്‍ക്ക് മനസിലാവും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകള്‍ക്ക് മാത്രമാണു വധശിക്ഷയെന്ന നീതിശാസ്ത്രം സുപ്രീം കോടതി രൂപവത്കരിച്ചെടുത്തിട്ടുണ്ട്. പുനപരിശോധനാ ഹര്‍ജിയും മാപ്പുഹര്‍ജിയും ദയാഹര്‍ജിയുമെല്ലാം അനുവദനീയമാക്കുകയും ചെയ്തിട്ടുണ്ട്.

ദയാഹര്‍ജികള്‍ കാലങ്ങളോളം തീര്‍പ്പാകെ കെട്ടിക്കിടക്കുന്ന രീതിയ്‌ക്കെതിരെ ശക്തമായ നിലപാടും കൊണ്ടുവന്നിട്ടുണ്ട്. പ്രതികള്‍ക്കുവേണ്ടി വധശിക്ഷാ നടപടികള്‍ അവസാന നിമിഷം പോലും മാനുഷികമാക്കുകയും അതിനുവേണ്ടി ഇടയ്ക്കിടെ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഈ ധാര്‍മ്മിക പ്രതിസന്ധിക്കു ശാശ്വത പരിഹാരം വധശിക്ഷ പൂര്‍ണമായി എടുത്തുമാറ്റി ആജീവനാന്ത തടവ് എന്ന ശിക്ഷ കൊണ്ടുവരലാണ്. ദയയെന്ന ഗുണം ആയാസമുള്ളതല്ല.

ഭരണഘടനയുടെ 72ാം അനുച്ഛേദപ്രകാരം രാഷ്ട്രപതിക്ക് ദയ നല്‍കാനോ, തള്ളാനോ, ശിക്ഷ ഒഴിവാക്കാനോ അംഗീകരിക്കാനോ ഉള്ള അവകാശമുണ്ട്. ഈ വലിയ അധികാരം ദയയ്ക്കുവേണ്ടി ഉപയോഗിക്കാതെ വരുമ്പോള്‍ അത് മനുഷ്യത്വ രഹിതവും മനസാക്ഷിക്കുവിരുദ്ധവുമാകും.

കൂടുതല്‍ വായനയ്ക്ക്

സോറി. മരണത്തെക്കുറിച്ചല്ലാതെ, ജീവിതത്തെക്കുറിച്ച് ഇന്ന് എന്ത് പറയാനാണ്; യാക്കൂബ് മേമന്‍ വധം: സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു 30/7/2015)

We use cookies to give you the best possible experience. Learn more