ഐ. എസ്.ആ.ഓ- ലാവ്‌ലിന്‍ അനന്തര കേരളത്തില്‍ ജീവിച്ച മലയാളി എന്ന നിലയില്‍ എനിക്ക് കേരളത്തില്‍ അച്ചടിക്കപ്പെടുന്ന മാധ്യമങ്ങളോട് കുറച്ചു പുച്ഛമുണ്ട്. മഹാനായ സാര്‍, അങ്ങയുടെ മഹത്തായ കടലാസ് നാലുദിവസം ഇറങ്ങിയില്ലങ്കിലും കേരളത്തില്‍ ആരും വെള്ളമിറങ്ങാതെ മരിക്കുകയില്ല എന്ന് കണ്ടത്തില്‍ ഫാമിലിസ് തൊട്ട് ആരോടും പറയാനുള്ള ആത്മവിശ്വാസവും ഉണ്ട്. അതുകൊണ്ടു തന്നെ വീട്ടില്‍ പത്രം വരുത്തുന്നത് , രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മൂത്രം ഒഴിക്കണം എന്നത് പോലെ ഒരു ചടങ്ങ് മാത്രമാണ്.
അതങ്ങനെ ആയിരിക്കുമ്പോള്‍ തന്നെ, കേരളം അഭിമുഖീകരിച്ചതില്‍ ഏറ്റവും വലുതെന്ന് പറയാവുന്ന സംഘടിത ഭീകരാക്രമണം നടന്ന സമയത്തു നമ്മുടെ പത്രങ്ങള്‍ അതെങ്ങനെ റിപ്പോര്‍ട്ട് ചെയ്തു എന്ന് നോക്കേണ്ടത് ആവശ്യമായിരിക്കുന്നു. വ്യക്തികളുടെയും സംഭവങ്ങളുടെയും നിക്ഷ്പക്ഷരായ പകര്‍ത്തി വെപ്പുകാര്‍ എന്നാണല്ലോ മാധ്യമ പ്രവര്‍ത്തകര്‍ സ്വയം അവരുടെ തൊഴിലിനെ പറ്റി അവകാശപ്പെടുന്നത്. (അതിനിടയില്‍ ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. പത്രം എന്ന വ്യവസായവും അതില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെയും ഒരേപോലെ കാണാന്‍ ഞാന്‍ ഒരുക്കമല്ല.രണ്ടാമത്തെ വിഭാഗം തൊഴിലാളികള്‍ ആണ്, അവരെ ആ വിധത്തില്‍ തന്നെ കാണണം.)
17/10/18 ന്- സുപ്രീംകോടതി എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവാദിച്ചതിനു ശേഷം ആദ്യമായി അവിടെ നട തുറന്ന ദിവസം – ശബരിമലയില്‍ ആരാധന നടത്താനും അതൊടപ്പം തങ്ങളുടെ ഭരണഘടനാപരമായ അവകാശം വിനിയോഗിക്കാനും എത്തിയ സ്ത്രീകളെ സംഘപരിവാര്‍ കലാപകാരികള്‍ എങ്ങനെയാണ് നേരിട്ടത്, അതിനോട് ഭരണകൂടം എങ്ങനെയാണ് പ്രതികരിച്ചത്, പൊതുസമൂഹം എന്ത് നിലപാടാണ് സ്വീകരിച്ചത് എന്നൊക്കെ അറിയാന്‍ 18/10/18ലെ ഹിന്ദു പത്രം കയ്യില്‍ എടുക്കുന്നു.
ഒന്നാം പേജില്‍ രണ്ട് വാര്‍ത്തകള്‍ കൊടുത്തിരിക്കുന്നു. ഇതില്‍ പ്രധാന വാര്‍ത്ത, രാധാകൃഷ്ണന്‍ കുറ്റൂരിന്റെ വക ,ശബരിമലയില്‍ നടന്ന അക്രമങ്ങളെ കുറിച്ചാണ്. ശബരിമലയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെ രാധാകൃഷ്ണന്‍ വിവരിക്കുന്നത് “chaos and mayhem on the road leading from Nilakkal to Pamba”, “unrulely scenes”,”hurled stones”, “stone throwing mob”,”13 policemen were injured”,”women jounalists were heckled,their equpments nsathched and vehicles smashed” എന്നൊക്കെയാണ്. ഈ കലാപത്തിന്റെ ഫലമായി ആര്‍ത്തവ കാലപരിധിയില്‍ ഉള്ള ഒരു സ്ത്രീക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല എന്നു ആ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇത്രയും ഒക്കെ അക്രമം കാണിച്ച ഗ്രൂപ്പിനെ ഹിന്ദു പത്രം വിളിക്കുന്നത് “as a mob allegedly linked to Sangh parivar outfits എന്നും activists of Hindu fringe groups എന്നുമാണ് എന്നത് സവിശേഷമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. allegedly എന്നു വെച്ചാല്‍ എന്താണാവോ? ബി.ജെ.പി യുടെ സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് പിന്തുണക്കുന്ന , കെ.പി.സി.സി യുടെ ആക്ടിങ് പ്രസിഡന്റ് പങ്കെടുക്കുന്ന കലാപത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന വാക്കാണോ fringe എന്നത് എനിക്ക് വ്യക്തമല്ല.
ഇനി നാലാമത്തെ പേജ്(കേരളം) ലേക്ക് പോയാല്‍ മൂന്ന് ചിത്രങ്ങള്‍ കാണാം. ഒന്നാമത്തെ ചിത്രം എ. വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല നട തുറക്കുന്നതാണ്. ഷര്‍ട്ട് ധരിച്ചും ധരിക്കാതെയും നില്‍ക്കുന്ന പുരുഷമാര്‍ക്കിടയില്‍ ഏതെങ്കിലും സ്ത്രീയെ കാണാന്‍ എനിക്ക് സാധിച്ചില്ല. തീരെ ആകാരഭംഗി ഇല്ലാത്ത കുറെ കുടവയറന്മാര്‍ മാത്രം.
ആ പേജിലെ രണ്ടാമത്തെ ചിത്രം കുറെ “കുലസ്ത്രീകള്‍” ഒരു പന്തലില്‍ നിരന്നിരിക്കുന്ന ഫോട്ടോയാണ്. “Erumely witnesses peaceful protests” എന്ന വാര്‍ത്തയോടൊപ്പം ആണീ ചിത്രം നല്‍കിയിരിക്കുന്നത്. foot soldiers വാഹനങ്ങള്‍ പരിശോധിക്കുന്നു .സ്ത്രീകളെ ഇറക്കിവിടുന്നു. നമ്മള്‍ കുലസ്ത്രീകള്‍ പന്തലില്‍ വെയിലുകൊള്ളാതെ “സമാധാന”പരമായി പ്രതിഷേധിക്കുന്നു. ശബരിമലയില്‍ നടന്ന ആക്രമണങ്ങള്‍ unfortunate ആയിപ്പോയി എന്ന് രമേശ് ചെന്നിത്തല അറിയിച്ചതായും ഈ പേജില്‍ കാണാം.
എന്നാല്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചത് 7 മത്തെ നാഷണല്‍ പേജ് ആണ്. AP,AFP, Leju Kamal എന്നിവര്‍ക്ക് ക്രെഡിറ്റ് കൊടുത്തുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ ഏറ്റവും മുകളില്‍ നല്‍കിയിട്ടുണ്ട്. ചിത്രങ്ങളുടെ വിവരണം ഇപ്രകാരം പോകുന്നു;
1.Women checking a car.
2.Hindu activists attacking a media vehicle during a protest.
3.The police taking a protester into custody at Nilackal.
അയ്യോ എന്തൊരു പാവം ! പരിവാരങ്ങള്‍ക്ക് നോവും!
ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ് അവിടെ എതിനിക് കലാപങ്ങള്‍ നടക്കുന്ന സമയത്ത് ,പ്രത്യേകിച്ച് നാഗാലാന്‍ഡിലും മണിപ്പൂരിലും, കലാപകാരികള്‍ റോഡ് തടയുകയും ആളുകളെ ഭീക്ഷണിപ്പെടുത്തുകയും പണം പിരിക്കുകയും ഒക്കെ ചെയ്യുന്ന കാര്യം. നിങ്ങള്‍ ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങിലേക്ക് പോകുന്ന വഴിയില്‍ ഗാരോ കലാപകാരികള്‍ നിങ്ങളുടെ വാഹനം തടഞ്ഞു പരിശോധന നടത്തി എന്നു കരുതുക. നിങ്ങള്‍ അതിന്റെ ചിത്രം എടുത്ത ശേഷം നാട്ടില്‍ വന്നിട്ട് വാര്‍ത്ത കൊടുക്കുന്നു. ഷില്ലോങ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ ക്ഷേമം അന്വേഷിക്കുന്ന ഗാരോ യുവാക്കള്‍ എന്ന അടിക്കുറിപ്പോടെ ചിത്രം പ്രസിദ്ധീകരിക്കുന്നു. എങ്ങനെയുണ്ടാകും ? അടിപൊളിയല്ലേ ?
രണ്ടാമത്തെ ചിത്രത്തില്‍ കാര്‍ തല്ലിപൊളിക്കുന്നവനെ വിശേഷിപ്പിക്കുന്നത് ഹിന്ദു ആക്ടിവിസ്റ്റ് എന്നാണ്. എന്റെ പൊന്നോ, എനിക്കൊരു 30 സെക്കന്‍ഡ് താ. ഞാനൊന്നു ചോദിച്ചോട്ടെ.സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യം മുഴുവനായി ലഭ്യമാക്കണം അതിനായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ നടത്തുന്ന മാര്‍ച്ചില്‍ തിരുവനന്തപുരത്ത് രണ്ടു കാറുകള്‍ തകര്‍ക്കപ്പെട്ടാല്‍ ആ വാര്‍ത്തയ്ക്കും ചിത്രത്തിനും എന്ത് തലക്കെട്ട്/അടിക്കുറിപ്പനാണ് നല്കപ്പെടുക എന്ന് ആലോചിച്ചാല്‍ ഈ ആക്ടിവിസ്റ്റ് പ്രയോഗത്തിലെ തമാശ മനസിലാവും.
ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്നത് എന്തെന്ന് നമ്മള്‍ ശരിയായി മനസ്സിലാക്കേണ്ടതുണ്ട് എന്നു തോന്നുന്നു. ഇതാണ് കേരളത്തിലെ കലാപങ്ങളുടെ സ്വഭാവം. ഇവിടെ ഉത്തരേന്ത്യന്‍ മാതൃകയിലുള്ള കലാപങ്ങള്‍ സംഘടിപ്പിക്കല്‍ എളുപ്പമല്ല. നമ്മുടെ പൊളിറ്റിയുടെ സ്വഭാവവും ജനസംഖ്യയുടെ സ്വഭാവും അതിന് കാരണമാണ്. സാമാന്യമായ അര്‍ത്ഥത്തില്‍ മതേതര സ്വഭാവം ഉള്ളതും, നിരവധി കാലത്തെ വിവിധ സമുദായങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വവും , ഇടത് ജനാതിപത്യ രാഷ്ട്രീയത്തിന്റെ മേല്‍ക്കൈയും ഒക്കെ ഇതിനു കാരണമായി പറയാനാവും.
അതുകൊണ്ട് ഇവിടെ അധികാരം പിടിച്ചെടുക്കാന്‍ ഗുജറാത്ത് മോഡല്‍ പറ്റില്ല എന്നും കുറെ കൂടി സൂക്ഷ്മമായ ,സട്ടില്‍ ആയ കമ്യൂണല്‍ ധ്രുവീകരണത്തിനാണ് കേരളത്തില്‍ ശ്രമിക്കേണ്ടത് എന്നും പരിവാരം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഇതും അധികം മുന്നോട്ട് പോകില്ല എന്നാണ് കരുതേണ്ടത്. ഒന്നാമതായി whatsapp ഗ്രൂപ്പില്‍ ഇരുന്നു സംഘി സാഹിത്യം ഫോര്‍വേഡ് ചെയ്തുകളിക്കുന്നവര്‍ തെരുവില്‍ ഇറങ്ങുന്നവര്‍ അല്ല. രണ്ടാമത് മലയാളികള്‍ ലോകം ചുറ്റുന്നവരും അതിജീവനത്തിന്റെ ആശന്മാരും ആണ്. അത്യാവശ്യം മതപരമായ മുന്‍വിധികള്‍ ഒക്കെ കൊണ്ടു നടക്കുമെങ്കിലും അതിലൊന്നും വലിയ കാര്യമില്ല എന്നു നമുക്കറിയാം.
സോ,
2018 ലെ ആര്‍ത്തവ കലാപം ഇന്ത്യയുടെ ദേശീയ പത്രമായ ഹിന്ദു ഇങ്ങനെയാണ് ഇങ്ങനെയൊക്കെയാണ് ഒരു ദിവസം നോക്കികണ്ടത്.