| Wednesday, 9th February 2022, 10:23 pm

നമ്മുടെ വീട്ടുപടിക്കല്‍ ഫാസിസം എത്തിയതിന്റെ പ്രഖ്യാപനമാണ് കര്‍ണാടകയിലെ ഹിജാബ് വിഷയം: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കര്‍ണാടക ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ഹിജാബ് ധരിച്ച് കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന വാര്‍ത്ത അത്യന്തം അപലപനീയമാണെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ എങ്ങോട്ട് പോകുന്നു എന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണ് ഹിജാബ് വിഷയം. സംഘപരിവാര്‍ ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള അടിത്തറ പാകിയതിന്റെ സൂചന മനുഷ്യരുടെ ഭക്ഷണക്രമത്തില്‍ ഇടപെട്ട് അന്‍പതോളം ആളുകളെ അതിക്രൂരമായി തല്ലിക്കൊന്നപ്പോള്‍ തന്നെ ലോകത്തിന് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ജയ് ശ്രീറാം വിളിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുകയും അനുസരിച്ചില്ലെങ്കില്‍ നിഷ്‌കരുണം മര്‍ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയത് നാം കണ്ടതാണ്,’ ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മഹാത്മജിയുടെയും പണ്ഡിറ്റ് നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പ്രധാന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പതിയെ പതിയെ അപ്രത്യക്ഷമാവുന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സര്‍ദാര്‍ പട്ടേലിന്റെയും സവാര്‍ക്കറുടെയും ചിത്രങ്ങള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പട്ടേലിന്റെ ഭീമാകാരന്‍ വെങ്കലപ്രതിമ വിദേശികളില്‍ പോലും ഇന്ത്യയെ കുറിച്ച് അപമതിപ്പുണ്ടാക്കാനേ ഉപകരിച്ചിട്ടുള്ളൂ. ഇന്ത്യ എന്ന രാജ്യം മഹാത്മജിയുടെ പര്യായ പദമായിട്ടാണ് ലോകം ഇന്നേവരെ കണ്ടത്.
ഗാന്ധിസം തമസ്‌കരിക്കപ്പെടുകയും ഗോള്‍വാള്‍ക്കറിസം തല്‍സ്ഥാനം കയ്യടക്കുകയും ചെയ്യുന്നതിന്റെ ബഹിര്‍സ്ഫുരണമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ഉഡുപ്പിയില്‍ കണ്ടതെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

നമ്മുടെ വീട്ടുപടിക്കല്‍ ഫാസിസം എത്തിയതിന്റെ പ്രഖ്യാപനവും കൂടിയാണത്.
ഇതിന് ഭരണകൂടം വളം വെച്ച് കൊടുത്താല്‍ ഭരണഘടനയുടെ ആണിക്കല്ലുകളില്‍ ഒന്നായ ‘മതേതരത്വം’ കുഴിച്ച് മൂടപ്പെടും. അതുണ്ടാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറും കര്‍ണാടക സര്‍ക്കാറും ഫലപ്രദമായ ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ആറ് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആരംഭിച്ചത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാണ്ഡ്യ, ശിവമോഗ എന്നിവയുള്‍പ്പെടെ നിരവധി കോളേജുകളില്‍ പ്രതിഷേധമായി മാറി.

ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.

ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉഡുപ്പി നമ്മളോട് പറയുന്നത് ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കില്ലെന്ന ഉഡുപ്പിയില്‍ നിന്നുള്ള വാര്‍ത്ത അത്യന്തം അപലപനീയമാണ്. ഇന്ത്യ എങ്ങോട്ട് പോകുന്നു എന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണ് അത്.
സംഘ്പരിവാര്‍ ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള അടിത്തറ പാകിയതിന്റെ സൂചന മനുഷ്യരുടെ ഭക്ഷണക്രമത്തില്‍ ഇടപെട്ട് അന്‍പതോളം ആളുകളെ അതിക്രൂരമായി തല്ലിക്കൊന്നപ്പോള്‍ തന്നെ ലോകത്തിന് കിട്ടിയിരുന്നു.

‘ജയ് ശ്രീറാം’ വിളിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുകയും അനുസരിച്ചില്ലെങ്കില്‍ നിഷ്‌കരുണം മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയത് നാം കണ്ടതാണ്.

മഹാത്മജിയുടെയും പണ്ഡിറ്റ് നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പ്രധാന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പതിയെ പതിയെ അപ്രത്യക്ഷമാവുന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സര്‍ദാര്‍ പട്ടേലിന്റെയും സവാര്‍ക്കറുടെയും ചിത്രങ്ങള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പട്ടേലിന്റെ ഭീമാകാരന്‍ വെങ്കലപ്രതിമ വിദേശികളില്‍ പോലും ഇന്ത്യയെ കുറിച്ച് അപമതിപ്പുണ്ടാക്കാനേ ഉപകരിച്ചിട്ടുള്ളൂ. ഇന്ത്യ എന്ന രാജ്യം മഹാത്മജിയുടെ പര്യായ പദമായിട്ടാണ് ലോകം ഇന്നേവരെ കണ്ടത്.

ഗാന്ധിസം തമസ്‌കരിക്കപ്പെടുകയും ഗോള്‍വാള്‍ക്കറിസം തല്‍സ്ഥാനം കയ്യടക്കുകയും ചെയ്യുന്നതിന്റെ ബഹിര്‍സ്ഫുരണമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ഉഡുപ്പിയില്‍ കണ്ടത്. നമ്മുടെ വീട്ടുപടിക്കല്‍ ഫാസിസം എത്തിയതിന്റെ പ്രഖ്യാപനവും കൂടിയാണത്.
ഇതിന് ഭരണകൂടം വളം വെച്ച് കൊടുത്താല്‍ ഭരണഘടനയുടെ ആണിക്കല്ലുകളില്‍ ഒന്നായ ‘മതേതരത്വം’ കുഴിച്ച് മൂടപ്പെടും.

അതുണ്ടാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറും കര്‍ണാടക സര്‍ക്കാറും ഫലപ്രദമായ ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണ്.
ഭാരതത്തെ അതിന്റെ ബഹുസ്വരതയില്‍ കാണാനായില്ലെങ്കില്‍ പിന്നെ ‘സെക്കുലര്‍ ഇന്ത്യക്ക്’ ചരമ ഗീതമെഴുതേണ്ട അവസ്ഥയുണ്ടാകും. അതുണ്ടാകാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം ഒരുമിച്ച് പ്രവര്‍ത്തിക്കാം.


Content Highlights: The hijab issue in Karnataka is the announcement of the arrival of fascism on our doorstep: KT Jaleel

We use cookies to give you the best possible experience. Learn more