| Sunday, 4th December 2022, 10:33 pm

ഖത്തറിനെ സാക്ഷിയാക്കി മറ്റൊരു ചരിത്ര നിമിഷവും; ഫ്രാൻ‌സിനായി ഏറ്റവുമധികം ഗോൾ നേടുന്ന താരവും പിറന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ മറ്റൊരു ചരിത്ര നിമിഷം കൂടി പിറന്നിരിക്കുകയാണ്. ഞായറാഴ്ച പോളണ്ടിനെതിരെയുള്ള മത്സരത്തിൽ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന പുരുഷ താരം എന്ന റെക്കോർഡ്‌ നേട്ടവും പിറന്നു.

മത്സരത്തിന്റെ 44ാം മിനിട്ടിൽ കിലിയൻ എംബാപ്പെ നൽകിയ അസിസ്റ്റ് ഗോളാക്കി മാറ്റിയതോടെ ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ്‌ ഒലിവർ ജിറൂദ് സ്വന്തമാക്കി.

116 കളികളിൽ നിന്നും 52 ഗോളുകളാണ് താരം ഫ്രാൻസിനായി നേടിയത്.123 കളികളിൽ നിന്നും 51ഗോളുകൾ നേടിയ തിയറി ഹെൻഡ്രിയുടെ റെക്കോർഡാണ് ഒലിവർ ജിറൂദ് തിരുത്തിയത്.

108 കളികളിൽ നിന്നും 42 ഗോളുകൾ സ്വന്തമാക്കിയ അന്റോണിയോ ഗ്രീസ്മാൻ, 72 കളികളിൽ നിന്നും 41 ഗോളുകൾ സ്വന്തമാക്കിയ മിഷേൽ പ്ലാറ്റിനി, 97 കളികളിൽ നിന്നും 37 ഗോളുകൾ സ്വന്തമാക്കിയ കരീം ബെൻസേമ എന്നിവരാണ് ഫ്രാൻസിന്റെ ഗോൾ വേട്ടക്കാരിൽ തൊട്ട് പിറകിൽ ഉള്ളവർ.

നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന 23 വയസ്സുകാരൻ കിലിയൻ എംബാപ്പെക്ക് ഇപ്പോൾ തന്നെ 61 കളികളിൽ നിന്നും 31 ഗോളുകൾ സ്വന്തമായിട്ടുണ്ട്. ജിറൂദിന്റെ റെക്കോർഡ്‌ എംബാപ്പെ മറികടക്കാൻ സാധ്യതയുണ്ടെന്നാണ് ഫുട്ബോൾ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

എ.സി മിലാൻ താരമായ ജിറൂദിന്റെ 2022 ലോകകപ്പ് ടൂർണമെന്റിലെ മൂന്നാം ഗോളാണ് പോളണ്ടിനെതിരെ സ്കോർ ചെയ്തത്.

മത്സരത്തിൽ ഫ്രാൻസ് 3-1 എന്ന സ്കോറിൽ വിജയിച്ചു. ജിറൂദിനെക്കൂടാതെ എംബാപ്പെ രണ്ട് ഗോളുകൾ നേടി.

Content Highlights:The highest goalscorer for France was born in qatar world cup

Latest Stories

We use cookies to give you the best possible experience. Learn more