കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
കേസുമായി ബന്ധമുള്ള കൂടുതല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി പരിഗണിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനലുകള്‍ കോടതിയില്‍ ഹാജരാക്കന്‍ പറയണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
ഈ നടപടി റദ്ദാക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹരജി നല്‍കിയതിന് പിന്നാലെ രാജിവെച്ചതും ഹൈക്കോടതി പരിശോധിച്ചേക്കും.
കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.
നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യംചെയ്യാനായി പൊലീസ് സംഘം ആദ്യം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.