Kerala News
ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യം; ഹൈക്കോടതി ഇന്ന് വിധി പറയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 10, 03:02 am
Tuesday, 10th November 2020, 8:32 am

തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മൂവരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാവണം എന്ന് നേരത്തെ ജാമ്യാപേക്ഷയില്‍ കോടതി പരാമര്‍ശിച്ചിരുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടുള്ള യൂട്യൂബ് ചാനല്‍ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

യൂട്യൂബ് ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നേരിട്ട് പ്രതിഷേധവുമായെത്തിയത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും കേസുകള്‍ ചുമത്തിയിരുന്നു. ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തുകയും വിജയ് പി നായര്‍ക്കെതിരെ ലഘുവായ വകുപ്പുകള്‍ ചുമത്തുകയും ചെയ്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.

Content Highlight:  The High Court will give its verdict today on bail for Bhagyalakshmi and friends