തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്ലസ് ടു കേസിലെ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. കേസിലെ കോടതി വിധി കൊണ്ട് കണ്ടുകെട്ടിയ അദ്ദേഹത്തിന്റെ സ്വത്തുവഹകള്‍ തിരിച്ച് കിട്ടുമോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ ചോദിച്ചു. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷു ആശംസകള്‍ നേര്‍ന്ന് കൊണ്ട് ജലീല്‍ ഇറക്കിയ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റായി കെ.എം. ഷാജിക്ക് അനുകൂലമായി പലരും കമന്റിട്ടിരുന്നു.
അതില്‍ ’13-04-2021 അനധികൃത പിന്‍വാതില്‍ കുടുംബ നിയമനത്തിന്റെ കുറ്റവാളി സ. കെ.ടി. ജലീല്‍ രാജി വെക്കുന്നു. 13-04-2023 മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരെ ഇടത് സര്‍ക്കാര്‍ ചുമത്തിയ കള്ളക്കേസിന്റെ FIR കോടതി റദ്ദാക്കി കെ.എം. ഷാജിയെ കുറ്റവിമുക്തനാക്കുന്നു.
കാലം ചില കണക്കുകള്‍ കൃത്യമാക്കാറുണ്ട്…,’ എന്ന കമന്റിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘റംസാന്റെ അവസാന പത്തായത് കൊണ്ട് ഒന്നും പറയേണ്ട എന്ന് കരുതിയതാണ്. ലീഗിന്റെ സൈബര്‍ഗുണ്ടകള്‍ എന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്നാണെങ്കില്‍ നിവൃത്തിയില്ല. ക്ഷമിക്കണം.
കെ.എം. ഷാജിയുടെ അഴീക്കോട്ടെ വീടും സ്ഥലവും ഇ.ഡി കണ്ടുകെട്ടിയത് എന്തിനായിരുന്നു? അവിഹിത സമ്പാദ്യത്തിന്റെ പേരിലല്ലേ? ഈ കോടതി വിധി കൊണ്ട് കണ്ടുകെട്ടിയ അദ്ദേഹത്തിന്റെ സ്വത്തുവഹകള്‍ തിരിച്ച് കിട്ടുമോ?
നിയമസഭാ ഇലക്ഷന്‍ കഴിഞ്ഞ് വീട് പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ നിന്ന് കണ്ടെടുത്ത രേഖയില്‍ പെടാത്ത അരക്കോടി ഷാജിക്ക് തിരികെ ലഭിക്കാന്‍ കോഴക്കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി സഹായിക്കുമോ?
ഇല്ലെന്നാണ് രണ്ടിന്റെയും ഉത്തരം. ഷാജിക്കെതിരെയുള്ള അനധികൃത സമ്പാദ്യം അനധികൃത നിര്‍മാണം തുടങ്ങി പല കേസുകളില്‍ ഒന്നിലാണ് ഹൈക്കോടതി വിധി. അതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാന്‍ വിജിലന്‍സ് തീരുമാനിച്ചതായാണ് കേള്‍ക്കുന്നത്.
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോഴക്കേസില്‍ തന്നെ നിയമ പോരാട്ടം തുടരുമെന്നര്‍ത്ഥം. തുള്ളല്‍ ഓവറാകണ്ട,’ കെ.ടി. ജലീല്‍ പറഞ്ഞു.
അതേസമയം വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ സി.പി.ഐ.എം വേട്ടയാടിയെന്ന് കെ.എം ഷാജി ആരോപിച്ചിരുന്നു. കേസ് നടത്തിയ കാലമത്രയും മാനസികമായ പീഡനം അനുഭവിച്ചുവെന്നും സി.പി.ഐ.എം തന്നെ വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉളുപ്പുണ്ടെങ്കില്‍ ഇതിന്റെ പേരില്‍ വാങ്ങിയ വോട്ടിനെക്കുറിച്ച് സി.പി.ഐ.എം മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പ്ലസ് ടു കോഴക്കേസില്‍ കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജിയാണ് കോടതിയെ സമീപിച്ചത്.
പ്ലസ് ടു കോഴ്‌സ് അനുവദിക്കാമെന്ന് പറഞ്ഞ് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങി എന്നതായിരുന്നു ഷാജിക്കെതിരായ കേസ്.
content highlight: The High Court verdict is in one of the cases against Shaji; The League’s Cybergoons Just Made Me Say It: KT Jaleel