കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. ആറ് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവിന് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയില്‍, രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി വാറങ്കി താഴെ കുനിയില്‍ സിദ്ദിഖ്, അഞ്ചാം പ്രതി മുഹമ്മദ് അനീസ്, ആറാം പ്രതി കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മല്‍ സമദ് എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്.
2015 ജനുവരി 22നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കേസില്‍ പ്രതികളായ ആറ് പേരെ ഇന്നലെ (തിങ്കളാഴ്ച) നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡയിലെടുത്തിരുന്നു.
എന്നാല്‍ കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. വിചാരണ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ച പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി പിന്നീട് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഒക്ടോബര്‍ 15നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു.
പിന്നാലെ പ്രതികള്‍ക്കായി നാദാപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇന്നലെ വൈകുന്നേരത്തോടെ ലീഗ് പ്രവര്‍ത്തകര്‍ പിടിയിലാവുകയുമായിരുന്നു.
ദോഹയില്‍ നിന്നെത്തിയ നാല് പ്രതികളെയും ദുബായില്‍ നിന്നെത്തിയ രണ്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്. തുടര്‍ന്ന് 2016 മെയില്‍ പ്രതികള്‍ വിദേശത്തേക്ക് പോകുകയും ചെയ്തു.
Content Highlight: The High Court sentenced the accused Muslim League activists to life imprisonment in the Thuneri Shibin murder case