| Wednesday, 28th July 2021, 1:29 pm

'അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു'; സ്വരാജിന്റെ ഹരജിയില്‍ ബാബുവിന് ഹൈക്കോടതിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ ഫലം ചോദ്യം ചെയ്ത് മുന്‍ എം.എല്‍.എ. എം.സ്വരാജ് നല്‍കിയ ഹരജിയില്‍ കെ.ബാബു എം.എല്‍.എക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

കെ.ബാബു ശബരിമല വിഷയം ഉന്നയിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് സ്വരാജിന്റെ ഹരജിയിലെ സുപ്രധാന വാദം. കെ. ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജ് ഹരജിയിലൂടെ ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂണ്‍ 15നാണ് എം.സ്വരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

‘മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ബാബു നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു. അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വിജയിച്ചത്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു. ഇതില്‍ ബാബുവിന്റെ പേരും ചിഹ്നവുമുണ്ടായിരുന്നു,’ എന്നാണ് എം.സ്വരാജ് ഹരജിയില്‍ പറയുന്നത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. ബാബുവിന് പോയതുകൊണ്ടാണ് താന്‍ തോറ്റതെന്ന് ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

കെ.ബാബുവിനോട് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്.
സംസ്ഥാനത്ത് ഇടതുപക്ഷം വലിയ വിജയം നേടിയപ്പോഴും നിയമസഭയിലെ സി.പി.ഐ.എമ്മിന്റെ കരുത്തനായ നേതാവായ സ്വരാജിന്റെ തോല്‍വി പാര്‍ട്ടിക്ക് വലിയ കല്ലുകടിയുണ്ടാക്കിയിരുന്നു

തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു പറഞ്ഞിരുന്നു. ഇതോടെ എം.സ്വരാജിനെ തോല്‍പ്പിക്കുന്നതിനായി ബി.ജെ.പി- കോണ്‍ഗ്രസ് കൂട്ടുകെട്ട് മണ്ഡലത്തില്‍ ഉണ്ടായതായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ വ്യാപകമായി ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  The High Court sent a notice to K Babu, m swaraj Questioning the result of the Assembly elections in Tripunithura

We use cookies to give you the best possible experience. Learn more