| Thursday, 25th April 2024, 6:30 pm

സിദ്ധാര്‍ത്ഥിന്റെ മരണം ഗുരുതര സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. നിരവധി കുട്ടികളുടെ മുമ്പില്‍ വെച്ച് മനുഷ്വത്വരഹിതമായ ആക്രമണമാണ് സിദ്ധാര്‍ത്ഥ് നേരിട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിക്രമം തടയാതിരുന്ന ക്യാമ്പസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുന്‍ വി.സി. എം.ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നിരീക്ഷണം. സര്‍വകലാശാല വി.സിക്കെതിരെ നടപടിയെടുക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വകലാശാല അധികൃതരുടെ വീഴ്ചകള്‍ പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ വൈസ് ചാന്‍സലര്‍ ചെയ്ത് നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

നിലവില്‍ കേസ് സി.ബി.ഐ ആണ് അന്വേഷിക്കുന്നത്. റിട്ടയേര്‍ഡ് ജസ്റ്റിസ് എ. ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട് പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികളെ വീണ്ടും സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളെ കുറ്റവിമുക്തരാക്കി വി.സി ഡോ. പി.സി. ശശീന്ദ്രന്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചായിരുന്നു നടപടി.

ഇതിന് പിന്നാലെ വി.സി രാജി വെക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എന്നാല്‍ സസ്പെന്‍ഷന്‍ ഒഴിവാക്കാന്‍ വി.സിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ ചോദിച്ചതിന് പിന്നാലെ ആയിരുന്നു ഡോ. പി.സി. ശശീന്ദ്രന്റെ രാജി.

Content Highlight: The High Court said Siddharth’s death was a serious incident

We use cookies to give you the best possible experience. Learn more