ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാകും; പുറത്തുവിടരുതെന്ന ഹരജി തള്ളി ഹൈക്കോടതി
Kerala News
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാകും; പുറത്തുവിടരുതെന്ന ഹരജി തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2024, 2:21 pm

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാകും. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന ഹരജി ഹൈക്കോടതി തള്ളി. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. ജസ്റ്റിസ് വിജി അരുണാണ് ഹരജി തള്ളിയത്.

നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറായ പശ്ചാത്തലത്തിലാണ് സജിമോൻ പാറയിൽ ഹരജി നൽകിയത്. അതേസമയം അപ്പീല്‍ ഹരജിയുമായി സജി പാറയില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിന് ശേഷം പുറത്തുവരുമെന്നാണ് നിഗമനം.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദേശം നൽകിയിരുന്നത്. റിപ്പോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് ഉള്ളടക്കം പുറത്തുവിടാനുള്ള ഉത്തരവുണ്ടാകുന്നത്.

ജൂലൈ ആറിന്, വിലക്കപ്പെട്ടത് ഒഴികെയുള്ള വിവരങ്ങള്‍ സമൂഹം അറിയുന്നതില്‍ തെറ്റില്ലെന്ന് വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2019 ഡിസംബര്‍ 31നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ലിയു.സി.സി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

2019ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിര്‍ന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവര്‍ അംഗങ്ങളായ ഹേമ കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാൻ സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. ഇത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അന്ന് പറഞ്ഞത്.

Content Highlight: The High Court rejected the plea not to release the Hema Committee report