| Monday, 19th August 2024, 12:35 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പുറത്തുവിടരുതെന്ന രഞ്ജിനിയുടെ ഹരജി തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് അഭിനേത്രി രഞ്ജിനി നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. ഹര്‍ജിക്കാരിക്ക് വേണമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താക്കും എസ്. മനുവുമാണ് ഹരജി പരിഗണിച്ചത്.

രഞ്ജിനിയുടെ ഹരജി നിലനില്‍ക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.  സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹരജിയില്‍ രഞ്ജിനി കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ രഞ്ജിനിക്ക് അധികാരമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് അപ്പീല്‍ നല്‍കിയതെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ രഞ്ജിനിയോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി, താന്‍ ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ വ്യക്തിയാണെന്നും വിവരങ്ങള്‍ പുറത്തുപോകില്ലെന്ന ഉറപ്പ് നല്കിയതുകൊണ്ടാണ് മൊഴി നല്‍കിയതെന്നുമാണ് രഞ്ജിനി പ്രതികരിച്ചത്.

നിര്‍ദേശങ്ങളും മൊഴികളുമായി വേര്‍തിരിച്ച റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ തങ്ങളെ അറിയിക്കണമായിരുന്നുവെന്നും രഞ്ജിനി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിനി മുന്നോട്ടുവെച്ച മുഴുവന്‍ വാദങ്ങളും ഹൈക്കോടതി നിലവില്‍ തള്ളിയിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് രഞ്ജിനി അറിയിച്ചു.

അതേസമയം തിങ്കളാഴ്ച രാവിലെ നിര്‍മാതാവ് സജി പാറയിലും സമാനമായ ഹരജി ഫയൽ ചെയ്തിരുന്നു. എന്നാൽ ഇതും രഞ്ജിനിയുടെ ഹരജിയും തമ്മില്‍ സാങ്കേതികമായ വ്യത്യാസങ്ങളുണ്ട്. സിംഗിൾ ബെഞ്ച് പരിഗണിച്ച ഹരജിയിലെ കക്ഷിയെന്ന നിലയിൽ, സജി പാറയിലിന്റെ ഹരജി നിയമപരമായി നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ഇന്ന് തന്നെ  രഞ്ജിനിക്ക് ഹരജി നല്‍കാമെന്നും വൈകീട്ട് മൂന്ന് മണിയോടെ ഹരജി പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് നിര്‍ദേശം നല്‍കാമെന്നുമാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

നേരത്തെ സജിമോന്‍ പാറയിലിന്റെ ഹരജി തള്ളിക്കൊണ്ട്, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി അന്ന് നിരസിച്ചത്. റിപ്പോർട്ടുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത വ്യക്തിയെന്ന നിലയിൽ റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ താങ്കളെ ബാധിക്കുമോയെന്ന ചോദ്യത്തോടുകൂടിയാണ് കോടതി ഹരജി തള്ളിയത്.

അതേസമയം രഞ്ജിനിയുടെ ഹരജി തള്ളിയതിന് പിന്നാലെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 2.30ന് തന്നെ പുറത്തുവിടുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദേശം നൽകിയിരുന്നത്. റിപ്പോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് ഉള്ളടക്കം പുറത്തുവിടാനുള്ള ഉത്തരവുണ്ടാകുന്നത്.

Content Highlight: The High Court rejected the petition filed by actress Ranjini, requesting not to release the Hema Committee report

We use cookies to give you the best possible experience. Learn more