Advertisement
Kerala News
എ.സി മൊയ്തീന്റെ കുടുംബത്തിന്റെ സ്വത്ത് മരവിപ്പിച്ച ഇ.ഡി നടപടി ഹൈക്കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 07, 05:02 am
Saturday, 7th September 2024, 10:32 am

കൊച്ചി: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീന്റെ കുടുംബത്തിന്റെ നിക്ഷേപങ്ങള്‍ മരവിപ്പിച്ച ഇ.ഡി നടപടി ഹൈക്കോടതി റദ്ദാക്കി. മരവിപ്പിക്കലിന്റെ കാലാവധി നീട്ടിയ ഇ.ഡി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

കുന്നമംഗലം എം.എല്‍.എയായ എ.സി.മൊയ്തീന്റെ ഭാര്യ, മകള്‍ എന്നിവരുടെ പേരിലുള്ള നിക്ഷേപങ്ങളാണ് മൊയ്തീന്റെതെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി പിടിച്ചെടുത്തത്. എന്നാല്‍ മരവിപ്പിക്കല്‍ കാലാവധി നീട്ടിയ ഇ.ഡി നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അത് റദ്ധാക്കുകയാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി അരുണ്‍ പ്രതികരിച്ചു.

എ.സി മൊയ്തീന്റെയും കുടുംബത്തിന്റെയും സ്വത്ത് മരവിപ്പിച്ച നിലപാട് അഞ്ച് മാസങ്ങള്‍ പിന്നിട്ടതോടെ വീണ്ടും കാലാവധി നീട്ടുന്നതിനായി ഇ.ഡി ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാലാവധി നീട്ടുന്ന കാര്യം നിക്ഷേപത്തിന്റെ ഉടമകളെ അറിയിക്കണം.

എന്നാല്‍ നിക്ഷേപത്തിന്റെ ഉടമയല്ലാത്ത മൊയ്തീന് മാത്രമാണ് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചത്. അത് സംബന്ധിച്ച് എ.സി മൊയ്തീന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കേസില്‍ ഇവര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ എന്‍.രഘുരാജ്, കെ. വിശ്വന്‍ എന്നിവര്‍ ഹാജരായി.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസുമായി ബന്ധപ്പെട്ട് മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകളിലായുള്ള നാല്‍പത് ലക്ഷം രൂപ ഇ.ഡി കണ്ടുക്കെട്ടിയിരുന്നു.

എന്നാല്‍ അക്കൗണ്ടിലുള്ള പണം തന്റെതല്ലെന്നും ഭാര്യയുടേയും മകളുടേയും പേരില്‍ ഉള്ളതാണെന്ന വാദം ഉന്നയിച്ച് ഇ.ഡി നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് മൊയ്തീന്‍ അഡജ്യുഡിക്കേറ്റിങ് അതോററ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്വത്ത് കണ്ടുകെട്ടിയ നടപടി കോടതി ശരിവെക്കുകയായിരുന്നു.

Content Highlight: The High Court quashed the ED action freezing the assets of A.C Moideen’s family