കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി എന്നത് പരിഗണിച്ചാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീനാഥ് ഭാസി നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് അവതാരക പരാതിയില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഹരജി പരിഗണിച്ച കോടതി കേസ് സ്റ്റേ ചെയ്തിരുന്നു. കേസ് പിന്‍വലിക്കുകയാണ് എന്ന് അവതാരകയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കിയത്.
കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു.
മോശം പെരുമാറ്റത്തെ തുടര്‍ന്ന് ശ്രീനാഥിനെ സിനിമയില്‍ നിന്നും വിലക്കുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ശ്രീനാഥ് ഭാസി, അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയത്. അതേസമയം ശ്രീനാഥ് ഭാസിക്കെതിരെയുള്ള വിലക്ക് നിര്‍മാതാക്കളുടെ സംഘടന പിന്‍വലിച്ചിട്ടില്ല.
Content Highlight: The High Court quashed the case against Sreenath Bhasi