ഗവർണർക്ക് തിരിച്ചടി; പുറത്താക്കപ്പെട്ട വി.സിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുത്: ഹൈക്കോടതി
Kerala News
ഗവർണർക്ക് തിരിച്ചടി; പുറത്താക്കപ്പെട്ട വി.സിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുത്: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2024, 7:58 pm

കൊച്ചി: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ പുറത്താക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. പുറത്താക്കപ്പെട്ട വി.സിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.

പുറത്താക്കപ്പെട്ട കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ. എം.കെ .ജയരാജിന്റെയും സംസ്‌കൃത സര്‍വകലാശാല വി.സി ഡോ. എം.വി. നാരായണന്റെയും ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. വി.സിമാര്‍ നല്‍കിയ ഹരജികളിലെ വാദം ഹൈക്കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

ഒരാഴ്ചയ്ക്ക് മുമ്പാണ് കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വി.സിമാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയത്. നിയമനത്തില്‍ യു.ജി.സി ചട്ടവും നിയമവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സിമാര്‍ക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തത്. കാലാവധി പൂര്‍ത്തിയാകാന്‍ നാലുമാസം ശേഷിക്കേയാണ് കാലിക്കറ്റ് വി.സിയെ പുറത്താക്കുന്നത്.

10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നായിരുന്നു ഗവര്‍ണറുടെ ഉത്തരവ്. കാലിക്കറ്റ് വി.സി നിയമനത്തിന്റെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്‌കൃത സര്‍വകലാശാലയില്‍ പാനലിന് പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇതിനുപുറമെ കേരള ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സിമാരുടെ നിയമനത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ യു.ജി.സിയുടെ അഭിപ്രായം തേടിയിരിന്നു.

ഓപ്പണ്‍ സര്‍വകലാശാല വി.സി ഡോ. പി.എം. മുബാറക് പാഷാ രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും ഗവര്‍ണര്‍ അത് സ്വീകരിച്ചിരുന്നില്ല. സര്‍വകലാശാല വി.സിയുടെ ആദ്യ നിയമനം സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം ചാന്‍സലര്‍ നടത്തണമെന്ന സര്‍വകലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടിയത്.

Content Highlight: The High Court ordered that no further action should be taken against the VCs sacked by the Governor till Monday