| Friday, 4th October 2024, 9:20 am

മൊഴി നല്‍കിയവര്‍ക്ക് കേസ് വേണ്ടെങ്കില്‍ നിര്‍ബന്ധിക്കുന്നത് എന്തിന്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മൊഴി രേഖപ്പെടുത്തിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെങ്കില്‍ നിര്‍ബന്ധിക്കുന്നതെങ്ങനെയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി. വിവരങ്ങള്‍ ലഭിച്ചാല്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ചോദ്യമുയര്‍ത്തിയത്. മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ചോദ്യം.

പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എസ്.ഐ.ടിയുടെ നിലപാട് തെറ്റാണെന്നും ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ എസ്.ഐ.ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസെടുക്കാന്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.

തങ്ങള്‍ നേരിട്ട പ്രതിസന്ധികള്‍ ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നാണ് അതിജീവിതകള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ കേസെടുക്കണമോ വേണ്ടയോ എന്നതില്‍ അതിജീവിതയുടെ തീരുമാനത്തിനാണ് പ്രാധാന്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാര്‍ സഹകരിക്കാത്ത പക്ഷം കേസ് മുന്നോട്ടുപോകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സിനിമ മേഖലയില്‍ ചൂഷണം നടക്കുന്നുവെന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനുപുറമെ എസ്.ഐ.ടിക്കോ ഹേമ കമ്മിറ്റിക്കോ നല്‍കിയ മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും കോടതി ഉറപ്പ് നല്‍കുകയുണ്ടായി.

പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികള്‍ ഒരു ചാനല്‍ പുറത്തുവിട്ടുവെന്ന് ഡബ്ലിയു.സി.സി ആരോപിച്ചിരുന്നു. ഇതിനെ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.

കോടതിയുടെ സമാനമായ നിരീക്ഷണമാണ് അഡ്വക്കേറ്റ് ജനറലും മുന്നോട്ടുവെച്ചത്. അതിജീവിതകളുടെ താത്പര്യാര്‍ത്ഥം മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പ്രത്യേക അന്വേഷണ സംഘത്തിലെ എസ്. അജിത ബീഗം, ജി. പൂങ്കുഴലി എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. മുദ്രവെച്ച കവറില്‍ എസ്.ഐ.ടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശകലനം ചെയ്ത കോടതി, അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മാണം അടക്കമുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ വനിതാ കമ്മീഷനില്‍ നിന്ന് നിര്‍ദേശം തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Content Highlight: HC in the Hema Committee report on how to force those who have recorded their statements to proceed with the case if they are not interested

We use cookies to give you the best possible experience. Learn more