കോഴിക്കോട്: കോഴിക്കോട് തളി ക്ഷേത്ര പൈതൃക നിര്‍മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോ
ടതി. തളി ക്ഷേത്രക്കുളത്തിലെ കല്‍മണ്ഡപം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്‌റ്റേ. ഒരു മാസത്തേക്കാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പൈതൃക പദ്ധതിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തളി ക്ഷേത്ര പരിസരത്തെ വിശ്വാസികളാണ് ഹരജി നല്‍കിയിരിക്കുന്നത്. ടൂറിസം വകുപ്പ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേത്രത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താനിരിക്കവെയാണ് സ്റ്റേ. കുളത്തില്‍ കല്‍മണ്ഡപം ഉള്‍പ്പെടെ നിര്‍മിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി.
ഇത് പൈതൃകം നഷ്ടപ്പെടുത്തും, വിനോദ ഉപാധികള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തടയണമെന്നാണ് വിശ്വാസികള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടൂറിസം വകുപ്പ് ഡയറക്ടറോട് പൈതൃക ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് അവിടെ നടക്കുന്ന നിര്‍മാണത്തിന്റെ ഫയലുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും പാരമ്പര്യ ട്രസ്റ്റിക്കും നോട്ടീസ് അയക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. നിലവിലുള്ള അറ്റകുറ്റപ്പണികള്‍ തുടരാനും കോടതി അനുമതി നല്‍കി.