| Monday, 15th April 2024, 9:17 pm

'വിവേചനം വേണ്ട'; തൃശൂര്‍ പൂരത്തിനായി കെട്ടിപ്പൊക്കിയ വി.ഐ.പി ഗാലറിയുടെ നിര്‍മാണം നിര്‍ത്തിവെപ്പിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃശൂര്‍ പൂരത്തിനായി ഒരുക്കിയ വി.ഐ.പി പവലിയന്റെ നിര്‍മാണം നിര്‍ത്തിവെച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പവലിയന്റെ നിര്‍മാണം നിര്‍ത്തിവെച്ചത്. തൃശൂര്‍ സ്വദേശിയായ നാരായണന്‍ കുട്ടിയുടെ ഹരജിയിലാണ് കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള പവലിയന്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

വി.ഐ.പി പവലിയന്‍ കാരണം കുടമാറ്റം കാണാന്‍ സാധിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോടതിയുടെ നടപടി. കുടമാറ്റത്തിന്റെ കാഴ്ച തടസപ്പെടുത്തുന്ന പവലിയനോ ഗാലറിയോ മൈതാനത്തില്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.

ജനങ്ങള്‍ക്ക് കുടമാറ്റം കാണുന്നതിന് വി.ഐ.പി പവലിയന്‍ തടസമുണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം പവലിയന്‍ നിര്‍മിക്കുന്നത് ജില്ലാ ഭരണകൂടമാണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കലക്ടര്‍ക്ക് ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയത്.

വിദേശ സഞ്ചാരികളുടെ പേരില്‍ നിര്‍മിക്കുന്ന വി.ഐ.പി പവലിയന്‍ വേണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ കഴിഞ്ഞ മാസം ചേര്‍ന്ന പൂരം അവലോകന യോഗത്തില്‍ അറിയിച്ചിരുന്നു. ആവശ്യം പരിശോധിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരും ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയതോടെ മന്ത്രിമാരുടെ അഭിപ്രായങ്ങളെയടക്കം തള്ളി തെക്കേഗോപുര നടയിലെ വി.ഐ.പി പവലിയന്റെ നിര്‍മാണം ആരംഭിച്ചു. വി.ഐ.പി പവലിയനിലേക്ക് പാസിനായി കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് അപേക്ഷയും ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹരജി ഫയല്‍ ചെയ്തതും നിര്‍മാണം നിര്‍ത്തിവെക്കണമെന്ന കോടതിയുടെ ഉത്തരവും.

Content Highlight: The High Court has stopped the construction of the VIP gallery built for Thrissur Pooram

We use cookies to give you the best possible experience. Learn more