കൊച്ചി: കിഫ്ബിക്കും മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകിനുമെതിരായ കേസില്‍ ഇ.ഡിയുടെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് വി.ഡി. അരുണ്‍ നടപടികള്‍ സ്റ്റേ ചെയ്തത്. എന്നാല്‍ കേസില്‍ ഇ.ഡിക്ക് അന്വേഷണം തടരാമെന്നും കോടതി പറഞ്ഞു.
കേസില്‍ റിസര്‍വ് ബാങ്കിനെ കോടതി കക്ഷി ചേര്‍ത്തു. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും. ഇ.ഡിയുടെ നോട്ടീസ് ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എന്ത് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിനെ സമന്‍സ് അയച്ച് വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കാന്‍ ഇ.ഡിക്ക് ബാധ്യതയുണ്ടെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് തോമസ് ഐസക്ക് പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കിഫ്ബി പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകള്‍ ഉണ്ടെന്നുമുള്ള സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തുനിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷിക്കുന്നത്. കിഫ്ബി വിദേശത്തു പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2021 മാര്‍ച്ചിലാണ് ഇ.ഡി കേസെടുത്തത്.