| Friday, 8th December 2023, 12:38 pm

സി.എം.ആര്‍.എല്ലില്‍ നിന്നുള്ള പണം; മുഖ്യമന്ത്രി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപറ്റിയെന്ന ആരോപോണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി. എതിര്‍കക്ഷികളുടെ വാദം കേള്‍ക്കാതെ വിഷയത്തില്‍ വിധി പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. വിവാദത്തില്‍ ഏതെങ്കിലും രീതിയില്‍ അഴിമതി നിരോധന നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്നതാണ് കോടതി പരിഗണിക്കുന്ന പ്രധാന വിഷയം.

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങുന്ന 12 പേരെ കേസില്‍ സ്വാമേധയാ കക്ഷിചേര്‍ത്തുകൊണ്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

മാസപ്പടി വിവാദത്തില്‍ നല്‍കിയ ഹരജിയില്‍ എതിര്‍കക്ഷികളുടെ മൊഴികള്‍ ഉണ്ടായിട്ടും, കൃത്യമായ പരിശോധന നടത്താതെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹരജി തള്ളിയതായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെ ചോദ്യം ചെയ്തുകൊണ്ട് അഡ്വ. ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് നല്‍കിയ 1.17 കോടി രൂപ ഉള്‍പ്പെടെ സ്വകാര്യ കമ്പനിയായ സി.എം.ആര്‍.എല്‍ മൂന്ന് വര്‍ഷത്തിനിടയില്‍ മാസപ്പടിയായി വീണയ്ക്ക് 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു ആരോപണം. വീണ വിജയന് കൊടുത്തത് അഴിമതി പണം ആണെന്നും മുഖ്യമന്ത്രിക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതേസമയം ആദായനികുതി നടത്തിയ അന്വേഷണത്തില്‍ സി.എം.ആര്‍.എല്‍ ആവശ്യപെടുന്ന രീതിയിലുള്ള സോഫ്റ്റ് വെയറുകളോ സൗകര്യങ്ങളോ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് സി.എം.ആര്‍.എല്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് സി.എം.ആര്‍.എലും എക്സാലോജികും തമ്മിലുള്ള കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ എക്സാലോജിക്ക് പൂര്‍ത്തീകരിക്കാത്ത പക്ഷം കമ്പനിക്ക് ലഭിച്ച പണം കള്ളപ്പണമാണെന്നും അത് നിയമപരമാക്കാന്‍ വേണ്ടിയാണ് നികുതി അടച്ചതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

content highlights: The High Court has sent notice to the Chief Minister in the month-long controversy

We use cookies to give you the best possible experience. Learn more