സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സ്വപ്ന സുരേഷും പി.എസ്. സരിത്തും നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി.
കെ.ടി. ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയാണ് ഹൈക്കോടതി തള്ളിയത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹരജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഹരജിയ്ക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
പി.എസ്. സരിത്ത് നിലവില്‍ കേസില്‍ പ്രതിയല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സ്വപ്ന സുരേഷ് നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പല ഭാഗത്തുനിന്നും ഭീഷണിയുണ്ടെന്നും ഹരജി ഉടന്‍ പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കപ്പെടുന്നത് എന്തിനെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ജലീല്‍ കഴിഞ്ഞദിവസം സ്വപ്ന സുരേഷിനെതിരെ പരാതി നല്‍കിയത്. സ്വപ്നയുടെ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതി. ഈ സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പരാതിയില്‍ ജലീല്‍ ആവശ്യപ്പെട്ടിരുന്നു.
ജനപക്ഷം നേതാവ് പി.സി. ജോര്‍ജും കേസില്‍ പ്രതിയാണ്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള 12 അംഗംസംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.
Content Highlights: The High Court has rejected the anticipatory bail pleas of Swapna Suresh and Sarith