കൊച്ചി: സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് അഞ്ഞൂറു രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്കു പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
1700 രൂപയായിരുന്ന പരിശോധനാ നിരക്ക് അഞ്ഞൂറു രൂപയായാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. നിരക്കു കുറച്ചതോടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ വിസമ്മതിച്ച ലാബുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശവും ഹൈക്കോടതി റദ്ദാക്കി.
നിരക്കു കുറച്ച ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ ലാബുകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.
പരിശോധനാ നിരക്ക് 500 രൂപയായി കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇല്ലെങ്കില്‍ സബ്‌സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ ഗുണനിലവാരം കുറയ്ക്കാന്‍ ഇടയാക്കുമെന്നും ലാബ് ഉടമകള്‍ പറഞ്ഞിരുന്നു.
1700 രൂപയായിരുന്ന സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത് ഏപ്രില്‍ 30നാണ്. ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ചുകൊണ്ട് ലാബുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ചെലവുകളുടെ ഒരുഭാഗം പോലും കണ്ടെത്താനാവില്ലെന്നായിരുന്നു ലാബുകള്‍ അന്ന് പറഞ്ഞിരുന്നത്.
ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനാലാണ് നിരക്ക് കുറച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് പുതിയ നിരക്ക്.
മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നിരക്ക് 1500 രൂപയാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്.