കൊച്ചി: അഭയ കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് കോടതിയുടെ നടപടി.
അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടിവെക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.
വിചാരണക്കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന പ്രതികളുടെ ഹരജി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചിരുന്നു.
തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 28 വര്‍ഷം നീണ്ട നിയമനടപടിക്ക് ശേഷമായിരുന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയത്. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിച്ചത്.
CONTENT HIGHLIGHTS: The High Court granted bail to the accused in the Abhaya case