മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് തിരിച്ചടി; ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി
Kerala News
മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് തിരിച്ചടി; ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2024, 1:11 pm

പത്തനംതിട്ട: മസാല ബോണ്ട് കേസില്‍ ഇ.ഡിയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ അപ്പീലിലായിരുന്നു കോടതിയുടെ ഉത്തരവ്

നിലവില്‍ പത്തനംതിട്ടയിലെ സി.പി.ഐ.എമ്മിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ് തോമസ് ഐസക്ക്. വോട്ടെടുപ്പ് കഴിയുന്ന വരെ ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു സിംഗിള്‍ ബെഞ്ച്. സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഈ കേസില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യം ഇല്ല എന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.

കേസില്‍ തുടര്‍വാദങ്ങളിലേക്ക് ഡിവിഷന്‍ ബെഞ്ച് കടന്നിട്ടില്ല. സിംഗിള്‍ ബെഞ്ച് തന്നെയായിരിക്കും കേസില്‍ ഇനി വാദങ്ങള്‍ കേള്‍ക്കുക.

മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിലെ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ഫെമ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐസക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

വലുതും നിര്‍ണായകവുമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രാഥമിക ഏജന്‍സിയാണ് കിഫ്ബി.

ദക്ഷിണേന്ത്യയിലെ വലുതും നിര്‍ണായകവുമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 50,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2019-ല്‍ ആദ്യ മസാല ബോണ്ട് ഇഷ്യൂവിലൂടെ 2,150 കോടി രൂപ സമാഹരിച്ചിരുന്നു. എന്നാല്‍ പണം സ്വരൂപിച്ചതില്‍ ഫെമ ലംഘനം നടന്നിട്ടുണ്ടെന്ന സംശയത്തിലായിരുന്നു ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്.

Content Highlight : The high court directed the ED not to summon Isaac during the election period in masala bond case