വയനാട് ദുരന്തം; 18 വര്‍ഷം മുമ്പ് വരെയുള്ള എയര്‍ ലിഫ്റ്റിങ്ങിന്റെ പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
Kerala News
വയനാട് ദുരന്തം; 18 വര്‍ഷം മുമ്പ് വരെയുള്ള എയര്‍ ലിഫ്റ്റിങ്ങിന്റെ പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2024, 12:27 pm

കൊച്ചി: വയനാട് ദുരന്തത്തെതുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ എയര്‍ലിഫ്റ്റ് ചെയ്തതിന്റെ പണം ചോദിച്ച കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

കേന്ദ്രം സമര്‍പ്പിച്ച ബില്ലില്‍ വയനാട് ദുരന്തത്തില്‍ എയര്‍ലിഫ്റ്റ് ചെയ്യാനായി ചെലവായത് 13 കോടി രൂപ മാത്രമാണെന്നും ബാക്കി തുക എട്ട് വര്‍ഷം മുമ്പുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആദ്യ ബില്‍ 2006ല്‍ ഉള്ളതാണ്. പെട്ടെന്ന് ഈ ബില്ലുകള്‍ എവിടെ നിന്നാണെന്ന് വന്നതെന്നും കോടതി ചോദിക്കുകയുണ്ടായി.

വ്യോമസേന സമര്‍പ്പിച്ച 132 കോടി 62 ലക്ഷംരൂപയുടെ ബില്‍ പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ വിമര്‍ശനം. ആദ്യത്തെ ബില്‍ വരുന്നത് 2006ല്‍ ആണ്.

പിന്നെയുള്ളത് 2008, 2016, 2017 തുടങ്ങിയ വിവിധ ദുരന്തങ്ങളിലുള്ളതാണ്. പല ദുരന്തങ്ങളും നടന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞ് തുക തിരികെ ചോദിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ചൂരല്‍മല- മുണ്ടക്കൈ പോലുള്ള വലിയ ദുരന്തങ്ങള്‍ കഴിഞ്ഞ നില്‍ക്കുന്ന സമയത്താണോ ഇവയെല്ലാം സമര്‍പ്പിക്കുന്നതെന്ന് ചോദിച്ച കോടതി ഈ വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിഷയം പരിശോധിച്ചതിന് ശേഷം മറുപടി നല്‍കാണെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എയര്‍ലിഫ്റ്റിന്റെ തുക കേന്ദ്രത്തിന് തിരികെ നല്‍കുന്നതിന് പകരം ആ തുക വയനാടിന്റെ പുനരധിവാസത്തിനായി ചെലവഴിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിക്കുകയുണ്ടായി.

കേന്ദ്രം എയര്‍ലിഫ്റ്റിങിന്റെ പണം ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ വലിയ രീതിയിലള്ള വിമര്‍ശനം ഉന്നയിച്ചിരുന്നു. കണ്ണില്‍ ചോരയില്ലാത്ത നടപടി എന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവഴിച്ചുവെന്നും ഇനി എത്ര തുക ബാക്കിയുണ്ട് എന്നത് സംബന്ധിച്ച വിശദമായ കണക്ക് ഹൈക്കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്നും ഇന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കണക്കുകള്‍ സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിക്കുകയുണ്ടായി. എന്നാല്‍ ഔദ്യോഗികമായി കത്ത് ലഭിച്ചില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവധിക്ക് ശേഷം ജനുവരി പത്തിന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും കേള്‍ക്കും.

Content Highlight: The High Court criticized the central government for asking for money for air lifting up to 18 years ago