| Tuesday, 12th September 2023, 8:36 am

ക്ഷേത്ര പരിസരത്ത് ആര്‍.ആര്‍.എസ്സിന്റെ ആയുധ പരിശീലനവും മാസ് ഡ്രില്ലും വേണ്ട; കര്‍ശന നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: ക്ഷേത്ര പരിസരങ്ങള്‍ ആയുധ പരിശീലനത്തിലും മാസ് ഡ്രില്ലിനും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. തിരുവനന്തപുരത്തെ ശാര്‍ക്കര ദേവി ക്ഷേത്രവളപ്പ് കയ്യേറി ആര്‍.എസ്.എസ് ആയുധ പരിശീലനം നടത്തുന്നു എന്ന ഭക്തരായ ജി. വ്യാസന്‍, കെ. വിജയകുമാര്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ക്ഷേത്രപരിസരത്ത് മാസ് ഡ്രില്ലും ആയുധപരിശീലനവും തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്കും ശാര്‍ക്കര ദേവി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

ക്ഷേത്രപരിസരത്ത് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഭക്തര്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഭക്തരായ വ്യാസന്‍, വിജയകുമാര്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്.

സംഘടനാ പ്രവര്‍ത്തകര്‍ ക്ഷേത്ര പരിസരത്ത് പുകയില ഉപയോഗിക്കുന്നത് സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കുട്ടികളും അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, സന്നിധാനത്തിന്റെ വിശുദ്ധിയെയും ദൈവീകതെയെയും ബാധിക്കുന്നു, ആയുധ പരിശീലനത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിക്കുന്നു തുടങ്ങിയവയായിരുന്നു ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചത്.

ക്ഷേത്രത്തിലെ ആയുധ പരിശീലനം തടയണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ ഹരജിയില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം നടത്തുന്നില്ലെന്നും ഈ കേസ് തീര്‍ത്തും രാഷ്ട്രീയ പ്രേരിതവും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും ആര്‍.എസ്.എസ് വാദിച്ചു.

2021 മാര്‍ച്ച് 30ന് ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം നിര്‍ത്തുന്നത് സംബന്ധിച്ചുള്ള ആദ്യ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

ഹരജിക്ക് പിന്നാലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായും ക്ഷേത്രത്തിന് ഗേറ്റ് സ്ഥാപിക്കണമെന്ന അപേക്ഷ മരാമത്ത് വകുപ്പിന്റെ പരിഗണനയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ക്ഷേത്ര പരിസരത്ത് മാസ് ഡ്രില്ലും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി ആര്‍.എസ്.എസ്സിന് നോട്ടീസ് നല്‍കുകയും അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

ക്ഷേത്രസ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യാനും നിത്യപൂജ നടത്താനും ദേവസ്വം ബോര്‍ഡിന് ചുമതലയുണ്ടെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ ആചാരങ്ങളും ഉത്സവങ്ങളും സുഗമമായി നടത്തുന്നതിന് ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സഹായം നല്‍കാന്‍ ക്ഷേത്ര ഉപദേശക സമിതിക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Content highlight: The High Court clarified that temple premises cannot be used for weapon training and mass drill.

We use cookies to give you the best possible experience. Learn more