|

പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ എന്തിന് നിര്‍ത്തി? കൊയിലാണ്ടി അപകടത്തില്‍ വീണ്ടും ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കടമയാണെന്ന് കോടതി പറഞ്ഞു.

പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ നിര്‍ത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നത് എന്തിനാണെന്നും കോടതി ചോദ്യമുയര്‍ത്തി.

ഉത്സവത്തിനിടെ ഇടഞ്ഞ ആനകളെ ഒരു ദിവസം നൂറ് കിലോമീറ്ററിലധികം ദൂരം കൊണ്ടുപോയെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നേടിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ആനകളാണ് അപകടമുണ്ടാക്കിയതെന്നും അതുകൊണ്ടുതന്നെ ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഹാജരാകണമെന്നുമാണ് കോടതി പറഞ്ഞത്.

ജസ്റ്റിസ് സനല്‍ കെ.ശശീന്ദ്രന്‍ അടക്കമുള്ള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. വിഷയം കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. ആനയുടെ ഭക്ഷണം, യാത്ര രജിസ്റ്ററുകളടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

വനം വകുപ്പിനോടും കോടതി വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത്. പീതാംബരന്‍ എന്ന ആന ഗോകുലെന്ന ആനയെ കുത്തിയതോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റാണ് ലീല മരിച്ചത്. മറ്റു രണ്ട് പേര്‍ കെട്ടിടം തകര്‍ന്ന് ശരീരത്തിലേക്ക് വീണ്  മരിക്കുകയായിരുന്നു .

ക്ഷേത്രത്തിലേക്ക് ഘോഷയാത്ര വരുന്നതിനിടെ പരിസരത്ത് കതിന പൊട്ടിച്ചിരുന്നു. പിന്നാലെ പീതാംബരന്‍ ഗോകുല്‍ എന്ന ആനയെ കുത്തുകയായിരുന്നു. നിലവില്‍ ഈ രണ്ട് ആനകള്‍ക്കും കോഴിക്കോട് ജില്ലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ പൊലീസും സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും കേസെടുത്തിട്ടുണ്ട്. ആനകളുടെ നാല് പാപ്പാന്മാര്‍ ഉള്‍പ്പെടെ ആറ് പേരാണ് സോഷ്യല്‍ ഫോറസ്ട്രി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.

Content Highlight: The High Court again intervened in the case of elephant attack during the festival at Koyilandy temple