ഫ്രാങ്കോ മുളക്കലിനെതിരെയുള്ള അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
Kerala News
ഫ്രാങ്കോ മുളക്കലിനെതിരെയുള്ള അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th April 2022, 11:55 am

കൊച്ചി: ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഫ്രാങ്കോ മുളക്കലിന് നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും സി. ജയചന്ദ്രനുമടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീയും സര്‍ക്കാരും അപ്പീല്‍ നല്‍കിയിരുന്നു.

കോട്ടയം വിചാരണക്കോടതിയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നത്. ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ഡി.ജി.പി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി വന്നതിന് പിന്നാലെ തന്നെ അപ്പീല്‍ പോകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. കൃത്യമായി അന്വേഷണം നടത്തി തെളിവുകള്‍ കൈമാറിയെന്ന് അവകാശപ്പെട്ടിട്ടും വിധി തിരിച്ചടിയായതോടെയായിരുന്നു അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു പൊലീസിന്റെ നീക്കം.

കേസിലെ ഉത്തരവ് പരിശോധിച്ച ശേഷം കേസില്‍ അപ്പീല്‍ പോകാനുള്ള ന്യായങ്ങളുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നത്.

Content Highlights: The High Court accepted the appeals against Franko Mulakkal on file